പാർട്ടി വൈകാരികത മറികടന്ന് ഭരണ ഉദാരത
text_fieldsതിരുവനന്തപുരം: കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന ഓർമകൾ തീക്കാറ്റു പോലെ സി.പി.എമ്മിന് വൈകാരികമാകുമ്പോഴും ചോരക്കറ ആരോപിച്ച കരങ്ങളിലേക്കാണ് 30 വർഷത്തിനിപ്പുറം ഇടതുസർക്കാറിന്റെ പൊലീസ് ചുമതല ഏൽപിക്കപ്പെടുന്നത്. യു.പി.എസ്.സി അംഗീകരിച്ച പട്ടികയാണെന്ന വാദം റവഡ ചന്ദ്രശേഖറിന്റെ നിയമനത്തിന് പാർട്ടിയും സർക്കാറും പിടിവള്ളിയാക്കുമ്പോൾ മറുഭാഗത്ത് സാങ്കേതികത്വത്തിന്റെ പേരിൽ പാർട്ടിക്ക് വേണ്ടി ജീവൻ വെടിഞ്ഞവരെ മറക്കുന്നെന്ന വിമർശനവും കനക്കുകയാണ്. സ്വാശ്രയ കോളജ് വിഷയം മുതൽ വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ വരെ ഇടതുവൈകാരികതയെ മറികടക്കുന്ന ഭരണ ഉദാരതയാണ് അടിക്കടി പ്രകടമാകുന്നത്.
സി.പി.എമ്മിന്റെ രക്തസാക്ഷി ശൃംഖലയിലെ സമാനതകളില്ലാത്ത അധ്യായമാണ് കൂത്തുപറമ്പ്. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ രക്തസാക്ഷികൾ നിരവധിയുണ്ടെങ്കിലും പോരാട്ട കാരണം കൊണ്ടും രാഷ്ട്രീയ പ്രാധാന്യം കൊണ്ടും വേറിട്ട പരിഗണനയാണ് കൂത്തുപറമ്പിന്. കൂത്തുപറമ്പ് രക്തസാക്ഷികൾക്കെതിരെ എഫ്.ഐ.ആറിട്ട പൊലീസ് ഓഫിസറാണ് റവഡ ചന്ദ്രശേഖർ.
ഇദ്ദേഹത്തിനെതിരെയടക്കം പിന്നീട് കേസെടുത്തെങ്കിലും ‘സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തത്’ എന്ന സാങ്കേതികത്വത്തിന്റെ പേരിൽ 2012 ജൂൺ 25ന് കേസ് കോടതി റദ്ദാക്കി. ഇടതുസർക്കാർ നിയമിച്ച കെ. പത്മനാഭൻ നായർ കമീഷൻ 1997 മേയ് 27ന് നൽകിയ റിപ്പോർട്ടിൽ വെടിവെപ്പിന് ന്യായീകരണമില്ലെന്നും സംഭവത്തിൽ റവഡ ചന്ദ്രശേഖറടക്കം കുറ്റക്കാരാണെന്നുമായിരുന്നു പരാമർശം.
വസ്തുത ഇതായിരിക്കെയാണ് കോടതി കുറ്റമുക്തനാക്കിയയാളാണ് റവഡ ചന്ദ്രശേഖറെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ ക്ലീൻചിറ്റ് നൽകുന്നത്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണങ്ങൾ മുടക്കമില്ലാത്ത നടക്കുമ്പോഴും സ്വാശ്രയ വിഷയത്തിലെ കളംമാറ്റത്തിന് ഉദാഹരണങ്ങൾ നിരവധിയാണ്. രക്തസാക്ഷികളുടെ ഓർമകൾ മായും മുമ്പേ 2006 ജൂണിലാണ് ഇടതു സർക്കാർ വിവാദമായ സ്വാശ്രയ ബിൽ പാസാക്കുന്നത്. പിന്നാലെ, ഏത് സ്ഥാപനത്തിനെതിരെയാണോ കൂത്തുപറമ്പിൽ സമരം ചെയ്തതത് അതേ സ്വാശ്രയ സ്ഥാപനത്തിന്റെ ഭരണസാരഥ്യത്തിലേക്ക് സി.പി.എം നേതാക്കൾ എത്തിയെന്നതും ചരിത്രം.
2024 ഒക്ടോബറിൽ നടന്ന നിയമസഭ സമ്മേളനത്തിൽ കൂത്തുപറമ്പ് സമരം തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും സ്വകാര്യ നയങ്ങൾക്കുമെതിരെയായിരുന്നെന്ന് കണ്ണൂരിൽ നിന്നുള്ള ഇടതംഗം പ്രസംഗിച്ചതും വിവാദമായി. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധനത്തെക്കുറിച്ച് സി.പി.എമ്മും വിദ്യാർഥി സംഘടനകളുമുയർത്തിയ എതിർപ്പുകളും പ്രക്ഷോഭങ്ങളുമെല്ലാം മറന്നാണ് സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഇപ്പോൾ പരവതാനി വിരിച്ചതും.