പെരുന്നാള്‍ ആഘോഷം പൊടി പൊടിച്ച് അറബി മരുമകൻ
text_fieldsസുല്‍ത്താന്‍ മുഹമ്മദ് അല്‍ മുത്ലഖ്
മണ്ണാര്‍ക്കാട്: ബലി പെരുന്നാള്‍ ആഘോഷം പൊടി പൊടിച്ച് സൗദിക്കാരൻ മരുമകൻ. സൗദി പൗരന് സുല്‍ത്താന്‍ മുഹമ്മദ് അല്‍ മുത്ലഖാണ് (38) പെരുന്നാൾ ആഘോഷത്തിന് ഭാര്യ വീടായ മണ്ണാര്‍ക്കാട് തെങ്കര കൈതച്ചിറയിൽ എത്തിയത്. മുറിമലയാളം പറഞ്ഞും സ്കൂട്ടറില്‍ കറങ്ങിയും കടയില്‍നിന്ന് ചായ കുടിച്ചും നാട്ടുകാരുമായി വിശേഷങ്ങള്‍ പങ്കിട്ടും സുല്‍ത്താൻ തിരക്കിലാണ്. സൗദി അല്ക്കസിം സ്വദേശിയും അധ്യാപകനുമായ സുല്‍ത്താന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ഭാര്യ സഫ, മക്കളായ സജാ സുല്‍ത്താന്‍, ഉദയ് സുല്‍ത്താന്‍ എന്നിവരോടൊപ്പം കൈതച്ചിറ പള്ളിപ്പറമ്പ് വീട്ടിലെത്തിയെത്തിയത്. സൗദിയിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനാണ്. സ്കൂള്‍ അവധിക്കാലത്താണ് ഇവര്‍ നാട്ടിലെത്താറുള്ളത്. ആഴ്ചകളോളം താമസിച്ചശേഷമേ മടങ്ങാറുള്ളു.
അബ്ദുറഹിമാന്-നയീമ ദമ്പതികളുടെ മകളായ സഫയുമായുള്ള വിവാഹം ഒമ്പത് വര്‍ഷം മുമ്പാണ്. പെരിന്തല്‍മണ്ണ അല്‍ജാമിഅ അല്‍ ഇസ്ലാമിയ കോളജില്‍ പഠിക്കുമ്പോഴാണ് സുല്‍ത്താന്റെ വിവാഹാലോചന എത്തുന്നത്. കോളജിലെ അധ്യാപകന്റെ സുഹൃത്തായിരുന്നു സുല്‍ത്താന്‍. കേരളത്തില്‍ ഇദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ട്. വിവാഹത്തിന് മുമ്പും നിരവധിതവണ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ കാലാവസ്ഥയും ആളുകളുടെ സ്നേഹവുമാണ് കേരളത്തോട് അടുപ്പിച്ചതെന്ന് സുല്‍ത്താന്‍ പറയുന്നു. മലനിരകളും കാടും അതിരിടുന്ന കൈതച്ചിറ ഇദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാക്കി. പൊറോട്ടയും ബിരിയാണിയുമാണ് ഇഷ്ടഭക്ഷണം. മലയാളം പാട്ടുകളും ഇഷ്ടമാണ്. ഒന്നരമാസംകൂടി ഇവര്‍ നാട്ടിലുണ്ടാകും.