ആറൻമുള വിവാദ ഭൂമിയിലെ ഐ.ടി വകുപ്പ് നീക്കം; വീണ്ടും റിപ്പോർട്ട് തേടിയതിൽ ദുരൂഹത
text_fieldsതിരുവനന്തപുരം: സി.പി.ഐ കടുത്ത വിയോജിപ്പുയർത്തുന്നതിനിടെ ആറൻമുളയിലെ വിവാദ ഭൂമിയിൽ ഐ.ടി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഐ.ടി വകുപ്പ് നീക്കം ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ. നിർദിഷ്ട ഭൂമിയുടെ വിശദ വിവരം തേടി പത്തനംതിട്ട കലക്ടർക്ക് ഐ.ടി വകുപ്പ് കത്തയച്ചത് കഴിഞ്ഞ ദിവസം വലിയ ചർച്ചക്കും രാഷ്ട്രീയ വിയോജിപ്പിനും വഴിയൊരുക്കിയിരുന്നു.
ജൂൺ 16ന് ഇതേ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച പദ്ധതിക്കായി രണ്ടാഴ്ചക്കിപ്പുറം അതേ ചീഫ് സെക്രട്ടറി തന്നെ കത്തയക്കാൻ അനുമതി നൽകി എന്നതാണ് കൗതുകം. കൃഷിമന്ത്രിയും റവന്യൂ മന്ത്രിയും കർശന നിലപാട് സ്വീകരിച്ച വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദേശവും രാഷ്ട്രീയ തീരുമാനവുമില്ലാതെ ചീഫ് സെക്രട്ടറി ഇത്തരമൊരു നീക്കത്തിന് മുതിരില്ലെന്നാണ് സൂചന. ഫലത്തിൽ പാലക്കാട്ടെ സ്വകാര്യ ബ്രൂവറിക്ക് പിന്നാലെ ഇടതുമുന്നണിക്കുള്ളിൽ വലിയ ഏറ്റുമുട്ടലിനാണ് ആറൻമുള വിമാനത്താവള ഭൂമി വിവാദം വഴിതുറക്കുന്നത്.
ഐ.ടി വകുപ്പ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ആരൊക്കെ മാറിവന്നാലും ആരെല്ലാം നിലപാട് മാറ്റിയാലും സി.പി.ഐ നിലപാട് മാറ്റില്ലെന്നും പരിസ്ഥിതി അട്ടിമറിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നും കുടിവെള്ളത്തെയും നെൽവയലിനെയും മറക്കുന്ന ഒരു സർക്കാറായി മാറാൻ എൽ.ഡി.എഫിനാകില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.
ആദ്യഘട്ടത്തിൽ കരഭൂമിയിലും രണ്ടാം ഘട്ടത്തിൽ 2008 നു മുമ്പ് നികത്തിയ നിലത്തിലുമായി പദ്ധതിയെന്ന സ്വകാര്യ ഏജൻസിയുടെ ശിപാർശ ഉയർത്തിക്കാട്ടിയാണ് ഐ.ടി വകുപ്പ് വീണ്ടും നീക്കം നടത്തുന്നത്. കരയിലും നികത്തിയ നിലത്തിലും പദ്ധതി ആരംഭിക്കാമെന്ന സാങ്കേതിക അഭിപ്രായമുണ്ടെന്ന കുറിപ്പോടെയാണ് ഐ.ടി വകുപ്പിൽനിന്ന് ഫയൽ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തിയതും. അതേസമയം, ഇതിന് നിർദിഷ്ട ഭൂമിയുടെ സ്വഭാവം അറിയണം. ഈ ലക്ഷ്യത്തോടെയാണ് പത്തനംതിട്ട കലക്ടർക്ക് കത്തയക്കാൻ ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയത്. ഈ മാസം 30ന് ചീഫ് സെക്രട്ടറി കത്തയക്കാൻ അനുമതി നൽകുകയും ചെയ്തു. പിന്നാലെ ജൂലൈ രണ്ടിന് കത്തയച്ചു.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ മല്ലപ്പുഴശ്ശേരി, ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി വില്ലേജുകളിലായി ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിനായി നേരത്തെ നിർദേശിച്ച 335 ഏക്കർ ഭൂമിയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് കത്തിലെ ആവശ്യം. ലഭ്യമായ ഭൂമിയുടെ ആകെ അളവ്, ഇതിൽ കരഭൂമിയുടെ അളവ്, ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി എത്ര, 2008ന് മുമ്പ് പരിവർത്തനം ചെയ്യപ്പെട്ട നെൽപ്പാടത്തിന്റെ അളവ്, മൊത്തം തണ്ണീർത്തടം എത്ര, പ്രപ്പോസലുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റ് വിവരങ്ങൾ എന്നിവയാണ് ആരാഞ്ഞത്.
തിരുവനന്തപുരം: ആറൻമുളയിലെ വിവാദ ഭൂമിയെക്കുറിച്ച് കൃഷി വകുപ്പും റവന്യൂ വകുപ്പും നൽകിയ റിപ്പോർട്ട് സർക്കാറിന്റെ കൈവശമിരിക്കെയാണ് ഐ.ടി വകുപ്പ് വീണ്ടും വിശദാംശങ്ങൾ ആരാഞ്ഞ് കലക്ടർക്ക് കത്തയച്ചത്. ഭൂമിയുടെ വിസ്തൃതിയും സ്വഭാവവും സംബന്ധിച്ചായിരുന്നു കൃഷി-റവന്യൂ വകുപ്പുകളുടെ റിപ്പോർട്ട്. ഇതാകട്ടെ സ്വകാര്യ കമ്പനിക്കായുള്ള നീക്കങ്ങൾക്ക് വിരുദ്ധമായതിനാലാണ് വീണ്ടും റിപ്പോർട്ട് തേടിയതെന്നാണ് വിമർശനം.
നിർദിഷ്ട ഭൂമിയുടെ 90 ശതമാനവും നെൽവയലുകളുടെ സ്വഭാവത്തിലുള്ള, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ ബാധകമായ ഭൂമിയാണെന്നാണ് കൃഷി വകുപ്പ് റിപ്പോർട്ട്. കരഭൂമി എന്നവകാശപ്പെടുന്ന ഭാഗത്തുൾപ്പെടെ പ്രദേശത്ത് നടത്താൻ ഉദ്ദേശിക്കുന്ന നിർമാണ പ്രവർത്തനങ്ങളെല്ലാം ജലത്തിന്റെ സ്വാഭാവിക ഗമന- നിർഗമനങ്ങളെയും നെൽകൃഷിയെയും പ്രതികൂലമായി ബാധിക്കുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉദ്ദേശിച്ച വിമാനത്താവള പദ്ധതി ജനകീയ എതിർപ്പിന്റെയും ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുടെയും അടിസ്ഥാനത്തിൽ ഉപേക്ഷിക്കേണ്ടി വന്നതിനാലാണ് നിർദിഷ്ട ഭൂമിയിൽ ഐ.ടി പാർക്ക് സ്ഥാപിക്കാൻ കമ്പനി ശ്രമിക്കുന്നതെന്നും വിവിധ തരത്തിലുള്ള ഒഴിവാക്കലുകൾക്കായി സർക്കാറിനോട് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ജൂൺ 16ന് ഐ.ടി പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മാത്രമല്ല, ഈ റിപ്പോർട്ട് വെച്ച് മറിച്ചൊരു തീരുമാനത്തിന് സാധിക്കുകയുമില്ല. മന്ത്രിസഭക്കുള്ളിൽ തന്നെ വിയോജിപ്പുള്ള സാഹചര്യത്തിൽ വിശേഷിച്ചും. ജൈവവൈവിധ്യത്തെയും നെൽവയലുകളെയും സംരക്ഷിക്കാൻ ഈ സ്ഥലത്ത് യാതൊരു നിർമാണവും പാടില്ല എന്നായിരുന്നു പദ്ധതി നിർത്തലാക്കിക്കൊണ്ട് മിനുട്സിൽ പറഞ്ഞത്.
ഒന്നാംഘട്ടത്തിൽ നടപ്പാക്കാൻ പോകുന്നത് കരഭൂമിയിലും രണ്ടാംഘട്ടത്തിൽ 2008 നു മുമ്പ് നികത്തിയ വയൽ ഭൂമിയിലുമെന്നാണ് കമ്പനിയുടെ നിലപാട്. 2008നു മുമ്പ് നികത്തിയ ഭൂമിയിൽ ഐ.ടി വകുപ്പ് സാധ്യത കൽപ്പിക്കുമ്പോഴും ഇത് അനധികൃതമായി നികത്തിയ ഭൂമിയെന്നാണ് കൃഷി വകുപ്പിന്റെ നിലപാട്.
മാത്രമല്ല ഈ ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നും കൃഷിമന്ത്രി ആവശ്യപ്പെടുന്നു. സർക്കാറിനുള്ളിൽ തന്നെ പദ്ധതിയുടെ ഉദ്ദേശശുദ്ധിയിൽ സംശയം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി വകുപ്പിന്റെ നീക്കം. കരഭൂമി എന്നവകാശപ്പെടുന്ന ഭൂമി നാല് വില്ലേജുകളിലായി ചിതറിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ ഒന്നാംഘട്ടം ആരംഭിക്കാനാകുമെന്ന ചോദ്യവുമുയരുന്നു.