അവകാശം ചോദിക്കാൻ പോലും അർഹതയില്ലാത്ത അഭയാർഥികളാണോ ആശാവർക്കർമാർ? - കെ. സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം : അവകാശം പോലും ചോദിക്കാൻ അർഹതയില്ലാത്ത അഭയാർത്ഥികൾ ആണോ ഈ ആശാവർക്കർമാരെന്ന് സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പൗരസാഗരത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇത്താര്യം വ്യക്തമാക്കിയത്.
ആരോഗ്യ മേഖലയിലെ ഒരു അവശ്യ ഘടകമല്ലേ ആശമാർ? ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇപ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതില്ലേ? അത് ഡോക്ടർമാരാകട്ടെ, മറ്റ് നേഴ്സുമാരാകട്ടെ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ജോലിക്കാരോ ഇതര ഉദ്യോഗസ്ഥരോ ആകട്ടെ, അവരെല്ലാവരും തന്നെ ആശാവർക്കർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സമരത്തെ ഒരു ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നു എന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. കേന്ദ്രത്തിൽ കേരള ഗവൺമെന്റ് നിശ്ചയമായും സമ്മർദ്ദം ചെലുത്തി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതെല്ലാം തന്നെ വാങ്ങേണ്ടതാണ്. അത് സ്റ്റേറ്റ് ഗവൺമെൻറുകളുടെ ഒരു ധർമമാണ്.
അതേസമയം ഈ പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്ന് പറയുക അല്ല വേണ്ടത് നേരെ മറിച്ച് അവരെ ചർച്ചക്ക് വിളിക്കുകയും ഇന്നത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുകയും അത് കഴിഞ്ഞ് അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരാൻ പറ്റില്ല സമരം നിർത്തു എന്നു പറയുകയല്ല വേണ്ടത്, നേരെ മറിച്ച് ഇതെല്ലാം പറഞ്ഞതിനുശേഷം, ഞങ്ങൾക്കിപ്പോൾ ഇത്ര മാത്രമേ തരാൻ കഴിയൂ എന്ന് പറഞ്ഞ് ഒരു ചെറിയ വേതന വർധനവെങ്കിലും നൽകുകയാണ്, അതിലൂടെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇത് ആത്മഹത്യാപരമായ നീക്കം ആകുമെന്ന് ഞാൻ എന്നോട് എൻ്റെ കൂടെ എന്ന് ഞാൻ കരുതുന്ന എൻ്റെ ഗവൺമെന്റിനോടും പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.
കെ. സച്ചിദാനന്ദൻ അയച്ച വീഡിയോ സന്ദേശത്തിൻറെ പൂർണരൂപം
പ്രിയപ്പെട്ട മിത്രങ്ങളെ, സഹോദരരെ സഹോദരിമാരെ,
നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തികച്ചും നീതിപൂർവകമായ ആവശ്യങ്ങൾക്ക് വേണ്ടി ആശാവർക്കർമാർ നടത്തുന്ന സമരം 60 ദിവസം ആവുകയാണ്. നമുക്ക് അറിയാം മുടി മുറിച്ചും പട്ടിണി കിടന്നും നടത്തുന്ന തീർത്തും അഹിംസാത്മകവും നീതിപൂർവ്വകവുമായ സമരമാണ് ഇത് എന്ന്. പൗരന്മാരെ ജനകീയമായ ഒരു കൂട്ടായ്മയിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഈ പൗരസാഗരം സംഘടിപ്പിക്കപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ അവസ്ഥയുടെ ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻ്റും കേരള ഗവൺമെൻ്റും ഒപ്പം വഹിക്കേണ്ടതാണ് എന്ന് കരുതുന്ന അനേകം സാധാരണ മനുഷ്യരിൽ ഒരാളാണ് ഞാൻ. കോർപ്പറേറ്റ് - ഫാഷിസ്റ്റ് കേന്ദ്രഭരണകൂടത്തിൽ നിന്ന് 2005 ൽ മൻമോഹൻസിംങ് ആരംഭിച്ച ഈ ആരോഗ്യപരിപാലന പദ്ധതിക്കും അതിലെ പ്രവർത്തകർക്കും വലിയ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കും എന്ന പ്രതീക്ഷ വെച്ചുപുലർത്തിക്കൂടാ. അതേസമയം അതിനുവേണ്ടിയുള്ള സമ്മർദ്ദം കേന്ദ്ര ഗവൺമെന്റിൽ ചെലുത്താൻ നമുക്ക് കഴിയുകയും വേണം.
തികച്ചും കേന്ദ്ര ഗവൺമെന്റിനെ കുറിച്ച് ഹതാശരായ ആശ വർക്കർമാരാണ് ഇന്ന് കേരള ഗവൺമെന്റിനോട് അല്പം എങ്കിലും വർധന, തങ്ങൾക്ക് അവർ നൽകിവരുന്ന ഓണറേറിയത്തിൽ ഉണ്ടാക്കി ഈ സമരം അവസാനിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നത്. കേരള ഗവൺമെന്റിന്റെ നിർഭാഗ്യകരമായ മറുപടികൾ നാം എല്ലാദിവസവും കണ്ടുകൊണ്ടിരിക്കുന്നു. അത് പലതരത്തിൽ നിർഭാഗ്യകരമാണ്. എങ്കിലും ഒരു ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അത് അങ്ങേയറ്റം അപലപനീയം തന്നെയായി മാറുന്നു. ഇത് ഒരു കേന്ദ്ര പദ്ധതിയാണ് എന്നതാണ് ഒന്നാമത്തെ മറുപടി, അതുകൊണ്ട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നാണ് ഈ ഹതാശകളായ ,ഹതഭാഗ്യരായ ആശാവർക്കർമാരോട് നമ്മുടെ ഗവൺമെൻ്റ് പറയുന്നത്.
പക്ഷേ, ആരാണ് ഓണറേറിയം നൽകുന്നത്, ഇതേ ആളുകൾ പറയുന്നു ഓണറേറിയം 7000 രൂപ വരെ വർദ്ധിപ്പിച്ചത് കേരളത്തിലെ സർക്കാർ ആണ് എന്ന്. എങ്കിൽ എന്തുകൊണ്ട് അവർക്ക് ഒരു ചെറിയ വർധനവുകൂടി നൽകി, ഈ ഓണറേറിയം കൂട്ടി നൽകി, ഈ സമരം അവസാനിപ്പിച്ചുകൂടാ. നമുക്കറിയാം കേരളം എല്ലാത്തരത്തിലും ജീവിത ചെലവുകൾ കൂടിയ ഒരു സ്ഥലമാണ്. ഒരു തൊഴിലാളിക്ക് വിശേഷിച്ചും ഒരു ആൺ തൊഴിലാളിയാണെങ്കിൽ 1000 രൂപയെങ്കിലും കൂലി കേരളത്തിൽ എമ്പാടും തന്നെയുണ്ട്.
അത്തരമൊരു സ്ഥലത്ത് വളരെ നിസ്സാരമായ ഒരു ഓണറേറിയം നൽകിക്കൊണ്ട് ഈ സമരത്തിന് കാരണക്കാർ ആവുക എന്ന കാര്യമാണ് കേരള ഗവൺമെന്റ് ചെയ്തിട്ടുള്ളത്. കാരണം ആ തൊഴിലാളികൾക്ക് പോലും സമയനിഷ്ഠയുണ്ട്. ഒരു പ്രത്യേക സമയം മുതൽ ഒരു പ്രത്യേക സമയം വരെയാണ് അവർ ജോലി ചെയ്യുന്നത്. എന്നാൽ ഈ ആശാവർക്കർമാർ ആകട്ടെ യാതൊരു സമയനിഷ്ഠതയുമില്ലാതെ ഏതുസമയത്ത് വിളിച്ചാലും സഹായം ലഭ്യമാകുന്ന തരത്തിൽ ജോലി ചെയ്യുന്ന ആളുകളാണ്. കേരളത്തിൻ്റെ ആരോഗ്യരംഗത്തെക്കുറിച്ച് നാം അഭിമാനം കൊള്ളുന്നുവെങ്കിൽ
അതിനുള്ള കാരണക്കാരിൽ പ്രധാനികളായ ഒരു കൂട്ടരാണ് ആശാവർക്കർമാരെന്ന് നമുക്കറിയാം. കോവിഡ് കാലത്തുണ്ടായ എൻ്റെ അനുഭവത്തിൽ നിന്ന് എനിക്കത് പറയാൻ കഴിയും. ആ കാലം ഞാൻ കേരളത്തിലായിരുന്നു. ആ കേരളത്തിലെങ്ങനെയാണ് ആശാവർക്കർമാർ നിരന്തരമായി നമ്മെ വിളിക്കുകയും അസുഖമുണ്ടോ എന്നന്വേഷിക്കുകയും ആ കരുതലോടെ അക്കാലത്തെ രോഗികളെ സമീപിക്കുകയുംചെയ്തതെന്നത് ഞാൻ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തതാണ്.
ഇവർ സ്ത്രീകളാണ് എന്ന കാര്യം പോലും ഈ സമരത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്നു. അതിദയനീയമായ അവസ്ഥയിൽ ആത്മഹത്യയുടെ വക്കിൽ എന്ന് പറയുന്നതു പോലെ കഴിയുന്ന മനുഷ്യരാണ് ഇവർ. അതെ സമയം തങ്ങൾ ആത്മഹത്യ ചെയ്യുകയില്ലെന്നും തങ്ങൾക്ക് നീതി കിട്ടുന്നതുവരെ അവസാനം വരെ പൊരുതുമെന്നും പ്രഖ്യാപിക്കാനുള്ള ആന്തരികമായ കരുത്തുള്ള മനുഷ്യർ കുടിയാണ് ഇവർ.
അതുകൊണ്ടുതന്നെ സ്ത്രീകൾ എന്ന നിലയിലും തൊഴിലാളികൾ എന്ന നിലയിലും ആരോഗ്യരംഗത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ ആളുകൾ എന്ന നിലയിലും ഈ ആശാവർക്കർമാരുടെ വേതനം അഥവാ ഓണറേറിയം നിശ്ചയമായും വർധിപ്പിക്കേണ്ടതുണ്ട്. കാരണം ആശാവർക്കർമാരുടെ പരിശീലനവും നിയമനവും അവരുടെ പ്രവർത്തന മേഖലയും അവരുടെ പ്രതിഫലവും നിശ്ചയിക്കാനുമുള്ള അവകാശം ആദ്യം മുതൽ, 2005 ൽ പദ്ധതി ആരംഭിച്ച കാലം മുതൽ സംസ്ഥാന സർക്കാരുകൾക്ക് ഉള്ളതാണ്. അതിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ക്ഷമാപണം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒട്ടുംതന്നെ സത്യസന്ധമല്ല, ഒരു ഇടതുപക്ഷ സർക്കാരിന് അൽപം പോലും ഭൂഷണവുമല്ല.
അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ഈ ആശാവർക്കർമാർ ? ആരോഗ്യ മേഖലയിലെ ഒരു അവശ്യ ഘടകമല്ലേ അവർ? ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇപ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതില്ലേ? അത് ഡോക്ടർമാരാകട്ടെ, മറ്റ് നേഴ്സുമാരാകട്ടെ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ജോലിക്കാരോ ഇതര ഉദ്യോഗസ്ഥരോ ആകട്ടെ, അവരെല്ലാവരും തന്നെ ആശാവർക്കർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് ഞാൻ നിശ്ചയമായും വിശ്വസിക്കുന്നു.
കേരള ഗവൺമെൻ്റ് പലപ്പോഴും ഉയർത്തി കാണുന്ന മറ്റൊരു വാദം ഒരു ശതമാനം തൊഴിലാളികൾ മാത്രമാണ് സമരം ചെയ്യുന്നതെന്ന്. ഇത് നുണയാണ്. അതോടൊപ്പം തന്നെ പറയേണ്ടതാണ്, ശരിയാണ് ഇവർ ഒരു ന്യൂനപക്ഷമാണ് എന്ന് നിങ്ങൾക്ക് പറയാം.
കാരണം ഭരിക്കുന്ന കക്ഷിയുടെ തൊഴിലാളി യൂണിയൻ ഭരിക്കുന്ന കക്ഷിക്കെതിരെ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. അത് നമുക്ക് മറന്നു പോകരുത്. ഭരണവും സമരവും എന്ന് ഇം.എം.എസ് മുന്നോട്ടു വച്ച മുദ്രവാക്യം വളരെ കാലം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. പക്ഷേ അധികാരം ആ മുദ്രവാക്യത്തെ നിശബ്ദമാക്കിയിരിക്കുന്നു.
അതുകൊണ്ടാണ് ഒരു ന്യൂനപക്ഷത്തിന്, എല്ലാവരുടെയും അവകാശങ്ങൾക്ക് വേണ്ടി, അവർ സമരം ചെയ്യുന്നത് അവരുടെ മാത്രം അവകാശങ്ങൾക്ക് വേണ്ടിയല്ല, എല്ലാ ആശാവർക്കർമാരുടെയും അവകാശങ്ങൾക്ക് വേണ്ടി രംഗത്ത് ഇറങ്ങേണ്ടി വന്നിരിക്കുന്നത്. അതേസമയം അവർ ഒരു ന്യൂനപക്ഷമാണ് എന്നുള്ള വാദം ഇന്നത്തെ ഹിന്ദുത്വവാദികളെ പൂർണമായും അനുസ്മരിപ്പിക്കുന്നവയാണ്. കാരണം ജനാധിപത്യത്തിന്റെ യഥാർത്ഥ നിർവചനം ന്യൂനപക്ഷത്തിന് എത്രമാത്രം നീതി ലഭിക്കുന്നുണ്ട്? അവർക്ക് എത്രമാത്രം പരിഗണന ലഭിക്കുന്നുണ്ട്? വികസന പദ്ധതികൾ കൊണ്ട് പുരോഗതി എന്ന് പറയപ്പെടുന്ന സാമ്പത്തികമായ മുന്നേറ്റം കൊണ്ട് എന്ത് തരത്തിലാണ് ന്യൂനപക്ഷത്തിന് ഗുണം ലഭിക്കുന്നത് എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനമായ ഒരു മാനദണ്ഡം ജവഹർലാൽ നെഹ്റു വരെയുള്ള അനേകം ചിന്തകരും ഭരണാധികാരികളും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് അവർ ന്യൂനപക്ഷമാണ് എന്നത് ഒരു വാദമേയല്ല. അൽപം പോലും അതൊരു ഇടതുപക്ഷ വാദവും അല്ല. അവരുടെ ഈ ഓണറേറിയത്തെ മാത്രം നമ്മുക്ക് വേതനം എന്നു തന്നെ വിളിക്കുന്നതിൽ തെറ്റില്ല എന്ന് പറയാം, കാരണം ഈ 1500, 2000 രൂപ അവർക്ക് ഇൻസെൻ്റീവ് എന്ന നിലയിലാണ് കേന്ദ്ര ഗവൺമെൻറ് നൽകുന്നത്. അപ്പോൾ അടിത്തട്ടിലെ മനുഷ്യർ, പ്രത്യേകിച്ചും സ്ത്രീകൾ , തൊഴിലാളികൾ ഒരു സമരവുമായി ഒരു പ്രക്ഷോഭവുമായി ഉയർന്നു വരുമ്പോൾ അവരുടെ ശബ്ദം കേൾക്കുക എന്നത് അതിനോട് കേവലമായ മാനുഷികതയോടെ പ്രതികരിക്കുക എന്നത് ഇടതുപക്ഷത്തിൻറെ പ്രാഥമികമായൊരു ധർമമാണ് എന്ന് ഞാൻ കരുതുന്നു.
ഈ സമരം നടത്തുന്നത് ഏതെങ്കിലും ഫാസിസ്റ്റ് പാർട്ടിയോ ഏതെങ്കിലും ഇടതുപക്ഷ വിരുദ്ധ കക്ഷിയോ അല്ല. നേരെ മറിച്ച് ഒരു ചെറിയ ഇടതുപക്ഷ കക്ഷിയായ എസ് യു സി ഐ ആണെന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരു ഇടതുപക്ഷ സമരത്തെ ഒരു ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നു എന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്.കേന്ദ്രത്തിൽ കേരള ഗവൺമെന്റ് നിശ്ചയമായും സമ്മർദ്ദം ചെലുത്തി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതെല്ലാം തന്നെ വാങ്ങേണ്ടതാണ്.
അത് സ്റ്റേറ്റ് ഗവൺമെൻ്റുകളുടെ ഒരു ധർമമാണ്. അതേസമയം ഈ പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്ന് പറയുക അല്ല വേണ്ടത് നേരെ മറിച്ച് അവരെ ചർച്ചയ്ക്ക് വിളിക്കുകയും ഇന്നത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുകയും അത് കഴിഞ്ഞ് അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരാൻ പറ്റില്ല സമരം നിർത്തു എന്നു പറയുകയല്ല വേണ്ടത്, നേരെ മറിച്ച് ഇതെല്ലാം പറഞ്ഞതിനുശേഷം, ഞങ്ങൾക്കിപ്പോൾ ഇത്ര മാത്രമേ തരാൻ കഴിയൂ എന്ന് പറഞ്ഞ് ഒരു ചെറിയ വേതന വർധനവെങ്കിലും നൽകുകയാണ്, അതിലൂടെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇത് ആത്മഹത്യാപരമായ നീക്കം ആകുമെന്ന് ഞാൻ എന്നോട് എൻ്റെ കൂടെ എന്ന് ഞാൻ കരുതുന്ന എൻ്റെ ഗവൺമെന്റിനോടും പറയാൻ ആഗ്രഹിക്കുന്നു.
കാരണം, ആത്യന്തികമായി ഇവരുടെ കൂടെ അനേകം പേരുണ്ട്. നിശബ്ദരായ ഒരുപക്ഷേ ഇവിടെ വന്നുചേർന്നിട്ടില്ലാത്ത അനേകമാളുകളുണ്ട്. ഒരു പക്ഷെ മാക്സിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള അനേകം ആളുകൾ. അനേകം ആളുകളോട് സംസാരിച്ചപ്പോൾ എനിക്ക് ബോധ്യമായ ഒരു കാര്യം ഈ ആശാവർക്കർമാരുടെ ആവശ്യം ന്യായമാണ് എന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനത എന്നാണ്. അതുകൊണ്ട് അവരോട് കോർപ്പറേറ്റ് സി ഇ ഒ മാരുടെ ഭാഷ ഉപയോഗിക്കാതിരിക്കുക, വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കാതിരിക്കുക.ഇതിനെ നീതിയുടെ പ്രശ്നമായി കാണുക.ആര് ഉയർത്തിയാലും ഒരു നീതിയുടെ പ്രശ്നത്തോട് പ്രതികരിക്കുക എന്നത് ഒരു ജനാധിപത്യ ഗവൺമെന്റിന്റെ, ഇടതുപക്ഷം അല്ലെങ്കിൽ പോലും, ഒരു ജനാധിപത്യ ഗവൺമെൻറിൻറെ കടമയാണ്.
അല്ലാതെ വിഭാഗീയതയല്ല സമരങ്ങളെ കാണേണ്ടത് എന്ന്, ഞങ്ങളുടെ സമരം അവരുടെ സമരം എന്ന രീതിയിലല്ല സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നീതിക്കായുള്ള മുന്നേറ്റങ്ങളെ കാണേണ്ടത്. നമുക്കറിയാം അരുന്ധതി റോയ് മുതൽ മേധാ പട്കർ വരെയുള്ള എത്രയോ പേർ, കേരളത്തിലെ അനേകം സാംസ്കാരിക നേതാക്കളും പ്രവർത്തകരുംഎല്ലാം തന്നെ ഈ ആവശ്യത്തിൻ്റെ കൂടെ നിൽക്കുന്നുണ്ട്. അവരെല്ലാവരും തന്നെ അവരുടെതായ പ്രസ്താവനകൾ പല സ്ഥലങ്ങളിലായി രീതികളിലായി നടത്തി കഴിഞ്ഞിട്ടും ഉണ്ട്. അതുകൊണ്ട് അധികാര രാഷ്ട്രീയം കൊണ്ട് മുരടിച്ചു പോയ കേരളീയ സമൂഹത്തിലെ തൊഴിലാളി രാഷ്ട്രീയത്തെ തിരിച്ചു കൊണ്ടു വരിക എന്നൊരു വലിയ ധർമത്തിൻ്റെ ആദ്യ പടവു കൂടിയാണ് ഈ സമരം എന്ന് മനസിലാക്കി അവരോട് നീതിപൂർവ്വം അനുഭാവപൂർവ്വം പെരുമാറണമെന്ന് എൻ്റെ ഗവൺമെന്റിനോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു . നിങ്ങൾക്ക് എല്ലാവർക്കും നന്ദി.