ഫുട്ബാൾ കളിക്കിടെ തർക്കം: വീടുകയറി അക്രമം; പ്രതി പിടിയിൽ
text_fieldsഉമറുൽ ഫറൂഖ്
കണ്ണനല്ലൂർ: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീട് കയറി അക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അർഷാദ് മൻസിലിൽ ഉമറുൽ ഫറൂഖ് (24) ആണ് പിടിയിലായത്.
ഇയാളുടെ മാതാപിതാക്കളായ നബീസത്ത് (47), ഷാജഹാൻ (56), സഹോദരൻ അർഷാദ് (26) എന്നിവരെ കേസിൽ നേരത്തേ അറസ്റ്റ് ചെയ്യ്തിരുന്നു. മുട്ടയ്ക്കാവ് ആൽഫിയ മൻസിലിൽ സിദ്ദിഖിെനയും കുടുംബത്തെയുമാണ് ഇയാളും മറ്റുള്ളവരും ചേർന്ന് ആയുധങ്ങളുമായി വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഉമറുൽ ഫറൂഖും സിദ്ദിഖിന്റെ മകൻ സെയ്ദലിയും തമ്മിൽ ഫുട്ബാൾ കളിക്കിടയിൽ തർക്കം ഉണ്ടാവുകയും അതുസംബന്ധിച്ച് സിദ്ദീഖ് ഉമറുൽ ഫറൂഖിനോട് ചോദിക്കുകയും ചെയ്ത വിരോധമാണ് പിന്നീട് അക്രമത്തിലേക്ക് നയിച്ചത്. കണ്ണനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപകുമാർ, മധുസൂദനൻ, എ.എസ്.ഐ ഹരിസോമൻ, സി.പി.ഒമാരായ വിഷ്ണു, ആത്തിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.