കന്യാസ്ത്രീകളുടെ അറസ്റ്റ് മൗലികാവകാശ ലംഘനം: മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsമന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ചു
അങ്കമാലി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അതീവ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടില്‍ ബഹു. മന്ത്രി പി. രാജീവിനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യ പരിപാലന രംഗത്ത് അടക്കം വലിയ ഇടപെടലുകളാണ് മിഷണറി പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ളവര്‍ നടത്തുന്നത്.
പ്രായപൂര്‍ത്തിയായ രേഖകള്‍ ഉള്ള പെണ്‍കുട്ടികളാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിയുടെയും ഒപ്പം ഉണ്ടായിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മതിയായ രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതുകാണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്‌നമായല്ല സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ മതേതരത്വത്തിനെതിരേ ഉയരുന്ന കടന്നു കയറ്റമാണ് ഇതെന്ന് നിസംശയം പറയാം. പൊതുവിഷയമായി കണ്ട് കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മതിയായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടന നല്‍കുന്ന അവകാശം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിന് സംസ്ഥാനം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.