‘താനെന്നും കോൺഗ്രസുകാരൻ; പിതാവിന്റെ ആഗ്രഹം പോലെ തനിക്കും കോൺഗ്രസ് പതാക പുതച്ച് യാത്രയാവണം’
text_fieldsമലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുമെന്ന പ്രചരണത്തിന് മറുപടിയുമായി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനും കെ.പി.സി.സി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്. താനെന്നും കോൺഗ്രസുകാരനാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
മരിക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം. ആശുപത്രിയിൽ പിതാവ് ആര്യാടൻ മുഹമ്മദ് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നോട് ആവശ്യപ്പെട്ടതും ഇതാണെന്ന് ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് 1965ലും 67ലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഉണ്ടാക്കിയെടുത്ത കോൺഗ്രസും മണ്ണുമാണ് നിലമ്പൂരിലുള്ളത്. കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥി വിജയിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.
2024ലെ രാഹുൽ ഗാന്ധിയുടെയും തുടർന്നുള്ള പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പുകളിൽ അടിത്തട്ട് പ്രവർത്തനം സജ്ജമാക്കാൻ പാർട്ടിക്ക് സാധിച്ചു. വോട്ട് ചേർക്കലും ചുമരെഴുത്തും നടന്നുവരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ മാത്രം മതി. നിലമ്പൂരിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു ആവേശം ഉണ്ടായിട്ടില്ല.
നിലമ്പൂരിൽ സ്ഥാനാർഥി ചർച്ചകളൊന്നും കോൺഗ്രസ് നേതൃത്വം പൂർത്തിയാക്കിയിട്ടില്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി നിലമ്പൂരിന്റെ മണ്ണും മനസും സജ്ജമായിരിക്കുകയാണെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
അതേസമയം, രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോഴും കോൺഗ്രസ് സ്ഥാനാർഥി നിർണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാൻ സന്നദ്ധരല്ല. കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയ സർവേയിൽ ജോയിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടൻ ഷൗക്കത്ത്. മണ്ഡലത്തിൽ പ്രധാന ഘടകമായ പി.വി. അൻവറിന്റെ പിന്തുണ തുടക്കം മുതൽ ജോയിക്കാണ്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫിന്റെ ചുമതലക്കാരനുമായ എ.പി. അനിൽകുമാർ എം.എൽ.എ പി.വി. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജോയിക്കു തന്നെയാണ് തന്റെ പിന്തുണയെന്നാണ് അൻവർ അറിയിച്ചതെന്നാണ് സൂചന. മുസ്ലിം ലീഗ് ആർക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാൾ ബന്ധം ജോയിക്കാണ്.
സ്ഥാനാർഥിനിർണയം കീറാമുട്ടിയായ സ്ഥിതിക്ക് കോൺഗ്രസ് പട്ടികയിൽ മൂന്നാമതൊരു സ്ഥാനാർഥിയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നിമിഷം കോൺഗ്രസ് പട്ടികയിൽ ട്വിസ്റ്റ് ഉണ്ടാവും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവർ പട്ടികയിൽ ഇടം നേടാനും സാധ്യതയുണ്ട്.
ഭരണവിരുദ്ധവികാരം, അൻവർ ഫാക്ടർ, വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ വെള്ളപൂശിയ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എന്നിവയെല്ലാം മണ്ഡലത്തിൽ തങ്ങൾക്കനുകൂല ഘടകമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പ്രഖ്യാപനത്തിനു ശേഷമേ ഉണ്ടാവൂ എന്നാണ് നേതാക്കൾ നൽകുന്ന സൂചന.