Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിനിസ്റ്റർ ഒ.ആർ. കേളു,...

മിനിസ്റ്റർ ഒ.ആർ. കേളു, ആര്യമാർ എങ്ങനെ പഠിക്കും...?

text_fields
bookmark_border
മിനിസ്റ്റർ ഒ.ആർ. കേളു, ആര്യമാർ എങ്ങനെ പഠിക്കും...?
cancel

തൃശൂർ: ആര്യമാർ എങ്ങനെ പഠിക്കും...? വയനാട്ടിലെ ആദിവാസികളിൽ അതിദുർബല വിഭാഗത്തിലെ ആര്യയുടെ മന്ത്രി ഒ.ആർ. കേളുവിനോടുള്ള ചോദ്യമാണിത്. പട്ടികജാതി-വർഗ വിഭാഗത്തിന് എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച സർക്കാർ ആണിത്. അതിദരിദ്രരായവരെ കണ്ടെത്തി അവർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാറിനു മുന്നിലാണ് ആര്യയുടെ ചോദ്യം ഉയരുന്നത്.

വയനാട് ചീരാൻ കല്ലിംകരയിൽ സ്വദേശിയാണ് ആര്യ സി. വേലായുധൻ. സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച് എൻട്രൻസ് എഴുതി എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. പാലക്കാട് മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചത്. പ്രവേശന സമയത്ത് അടക്കേണ്ട തുക കൈയിലില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഏക വരുമാനം അച്ഛന്റെ കൂലിപ്പണി മാത്രം. പാലാ ബ്രില്യസിൽ സർക്കാറിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് എൻട്രസ് പരീക്ഷക്ക് പരിശീലനം ലഭിച്ചത്.

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസിന് ഈ അധ്യയന വർഷം പ്രവേശനം ലഭിച്ചു. സർക്കാർ ഉത്തരവനുസരിച്ച് ട്യൂഷൻ ഫീസ് തുടങ്ങിയ ഇനങ്ങൾ മുൻകൂർ അടക്കേണ്ടതില്ല. മറ്റ് ഫീസുകൾ പ്രവേശന സമയത്ത് തന്നെ മുൻകൂറായി അടക്കണമെന്ന് സ്ഥാപന അധികൃതർ നിർബന്ധിക്കുന്നു.

സ്വാശ്രയ പ്രഫഷണൽ കോഴ്സുകളിലെ ഫീസ് നിശ്ചയിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി നിർദേശിച്ച ഒന്നാം അധ്യയന വർഷത്തിലെ ആകെ ഫീസ് 11,13,870 രൂപയാണ്. ഇതിൽ 78,000 രൂപ പ്രവേശന സമയത്ത് തന്നെ അടച്ചാലേ അഡ്മിഷൻ നൽകൂവെന്നാണ് സ്ഥാപന അധികൃതരുടെ നിലപാട്.

1. ഹോസ്റ്റൽ ഫീസ്- 40,000 (സർക്കാർ ഗ്രാന്ഡറ് ഇനത്തിൽ നൽകുന്നത് പ്രതിമാസം 4,500 രൂപയാണ്. അതിൽ കവിഞ്ഞുള്ള തുക ഒരു വർഷത്തെ തുക)

2 . കോഷൻ ഡിപ്പോസിറ്റ്- 20,000 രൂപ

3. സ്പെഷ്യൽ ഫീസ് 5,000 രൂപ

4. ടെസ്റ്റ് ബുക്കുകൾക്ക് 13,070 രൂപ

ഇങ്ങനെ ആകെ 78,070 രൂപ ഒക്ടോബർ ആറിന് ക്ലാസ് തുടങ്ങുമ്പോൾ അടക്കണമെന്നാണ് നിർദേശം. യൂനിഫോം തുകയും നൽകണം. പ്രവേശന സമയത്ത് മുൻകൂർ അടക്കാൻ ആവശ്യപ്പെട്ട തുക സാമ്പത്തികശേഷിയില്ലാത്ത അതിദുർബല വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർഥി എങ്ങനെ അടക്കും എന്ന ചോദ്യമാണ് ആര്യ ഉയർത്തുന്നത്. ഈ തുകയെല്ലാം സ്വാശ്രയ സ്ഥാപനത്തിന് ഈടാക്കാൻ സർക്കാർ അനുമതി നൽകി. അതേസമയം, ഹോസ്റ്റൽ ചിലവുകൾക്ക് വരുന്ന യഥാർഥ തുക സർക്കാർ നൽകുന്നതുമില്ല. മുൻകൂർ ഫീസ് ആവശ്യപ്പെടുന്നത് ആദിവാസി കുട്ടികളുടെ പഠനത്തെ ബാധിക്കും.

മുൻകൂർ ഫീസ് നൽകുന്നതിനുവേണ്ടി പട്ടികവർഗ വകുപ്പിന് അപേക്ഷ നൽകുമെന്ന് കോളജ് അധികൃതരെ അറിയിച്ചതിനാൽ ഫീസ് അടക്കാൻ പത്ത് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതിപിന്നാക്ക വിഭാഗത്തിൽ ആയതിനാൽ പി.ഐ.എം.എസിന് നൽകേണ്ട 78,000 രൂപയും യൂനിഫോം തുകയും പ്രത്യേക ഗ്രാൻഡ് ആയി പണിയ-അടിയ പാക്കേജിലോ കോർപ്പസ് ഫണ്ടിലോ ഉൾപ്പെടുത്തി നൽകാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷയുമായിട്ട് ആര്യ ഇന്ന് പാലക്കാട് കലക്ടർ എം.എസ് മാധവിക്കുട്ടിയെ കാണും.

കോർപ്പസ് ഫണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ പോകുന്ന സംസ്ഥാനമാണ് കേരളം. ആദിവാസി ഫണ്ട് ഗ്രാമപഞ്ചായത്തുകളിൽ അടക്കം നൽകി മറ്റു വിഭാഗങ്ങൾക്ക് വേണ്ടി വകമാറ്റുന്ന സംസ്ഥാനമാണ് കേരളം. ആദിവാസികളുടെ ഫണ്ട് വിവധ പദ്ധതികൾ നടപ്പാക്കിയതായി കണക്കുണ്ടാക്കി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥരുള്ള സംസ്ഥാനമാണ് കേരളം. ആദിവാസി പദ്ധതികളിൽ അഴിമതി നടന്നാലും അന്വേഷിക്കാത്ത നാടാണ് കേരളം. അഴിമതിയുടെ റിപ്പോർട്ട് ലഭിച്ചാൽ അത് അംഗീകരിക്കാത്ത പട്ടികവർഗ ഡയറക്ടറേറ്റ് കേരളത്തിലുണ്ട്. അഴിമതി കണ്ടെത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ല. അവർക്കു മുന്നിലാണ് പണിയ വിഭാഗത്തിലെ കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള ചോദ്യം ഉയരുന്നത്.

ഫീസ് അടക്കാൻ പണമില്ലാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത നാടാണ് കേരളം. ആ സംഭവത്തിൻെറ പേരിൽ കേരളത്തിലെ തെരുവുകളിൽ നടന്നത് വൻകലാപമാണ്. മന്ത്രി ഒ.ആർ. കേളു ആര്യയുടെ ചോദ്യം കേൾക്കണം. ആര്യക്ക് പഠനം തുടരാൻ പട്ടികവർഗ വകുപ്പ് സമയബന്ധിതമായി സഹായം അനുവദിക്കണം. ഇതൊരു ആര്യയുടെ പ്രശ്നമല്ല. ദരിദ്രരായ പട്ടികജാതി- വർഗ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധിയാണ്.

Show Full Article
TAGS:OR Kelu Wayanad News tribals Kerala News MBBS 
News Summary - Arya,tribal in Wayanad questions Minister OR Kelu
Next Story