ഏഷ്യൻ റോവിങ് ഇൻഡോർ ചാമ്പ്യൻഷിപ്; സുവർണനേട്ടത്തിൽ ഗൗരിനന്ദ
text_fieldsഗൗരിനന്ദ
മേലാറ്റൂർ: മലേഷ്യയിൽ നടന്ന ഏഷ്യൻ റോവിങ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടി മേലാറ്റൂർ സ്വദേശി ഗൗരീനന്ദ. ആഗസ്റ്റ് ഒമ്പതു മുതൽ 11 വരെ മലേഷ്യയിലെ പെനാങ്ങിൽ നടന്ന ഏഷ്യൻ റോവിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി 500 മീറ്റർ വ്യക്തിഗത മത്സരത്തിലും 2000 മീറ്റർ ഡബിൾസിലുമായാണ് സ്വർണം നേടിയത്.
500 മീറ്ററിൽ തായ്ലന്റിനെയും 2000 മീറ്ററിൽ ശ്രീലങ്കയെയും തോൽപിച്ചാണ് നേട്ടം കൈവരിച്ചത്. ഡബിൾസിൽ ഹരിയാനയുടെ ദേവി സുമനൊപ്പമായിരുന്നു മെഡൽനേട്ടം.
ആലപ്പുഴ സായിയിൽ പരിശീലനം നടത്തുന്ന ഗൗരീനന്ദയെ കൂടാതെ സായിയുടെ താരങ്ങളായ ശ്രീദേവി, ശിവാനി എന്നിവരാണ് കേരളത്തിൽനിന്നും ഇന്ത്യക്ക് വേണ്ടി മത്സരത്തിൽ പങ്കെടുത്തത്. ശ്രീദേവിയും ശിവാനിയും ഓരോ സ്വർണവും വെള്ളി, വെങ്കലം എന്നിവയും കരസ്ഥമാക്കി.
ചണ്ഡിഗഡിൽ നടന്ന 43ാമത് നാഷണൽ ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും കഴിഞ്ഞ മാസം പഞ്ചാബിലെ മോഗയിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗരീനന്ദ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കണ്ടമംഗലത്ത് വീട്ടിൽ ശിവപ്രകാശ്-ദീപ്തി ദമ്പതിമാരുടെ മകളായ ഗൗരിനന്ദ ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർഥിയാണ്. ടീം 13ന് നാട്ടിൽ തിരിച്ചെത്തും.