ഏഷ്യൻ യൂനിവേഴ്സിറ്റി വനിത സോഫ്റ്റ്ബാൾ; ഇന്ത്യൻ ടീമിൽ ഇടം നേടി നന്ദ പ്രവീണും
text_fieldsനന്ദ പ്രവീൺ
കിളിമാനൂർ: ചൈനയിൽ നടക്കുന്ന നാലാമത് ഏഷ്യ കപ്പ് യൂനിവേഴ്സിറ്റി വനിത സോഫ്റ്റ്ബാൾ ടൂർണമെൻറിൻ ഇന്ത്യൻ ടീമിൽ നന്ദ പ്രവീൺ ഇടംപിടിക്കുമ്പോൾ കിളിമാനൂരുകാർക്ക് അഭിമാനിക്കാം. യു.പി സ്കൂൾ തലം കിളിമാനൂർ രാജാ രവിവർമ സ്കൂൾ മൈതാനത്ത് കളിച്ചുവളർന്നവളാണ് ഈ കൊച്ചുമിടുക്കി.
ചൂട്ടയിൽ നന്ദനത്തിൽ കിളിമാനൂർ ആർ.അർ.വി.ജി.എച്ച്.എസ്.എസ് അധ്യാപകൻ പ്രവീണിന്റെയും നിലമേൽ എം.എം.എച്ച്. എസ്.എസ് അധ്യാപിക ജി.എസ്. സ്മിതയുടെയും മകളാണ് നന്ദ പ്രവീൺ. കുട്ടിക്കാലത്തുതന്നെ സോഫ്റ്റ്ബാൾ രംഗത്ത് മികവ് പുലർത്തിയിരുന്ന നന്ദ കേരള ടീമിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ ടീമുകളിൽ അംഗമായിരുന്നു. ആർ.ആർ.വി സ്കൂളിലെ കായികാധ്യാപകനായ ശ്യാമായിരുന്നു നന്ദയിലെ പ്രതിഭയെ കണ്ടെത്തി പരിശീലനം നൽകിയിരുന്നത്. ചെമ്പഴന്തി എസ്.എൻ കോളജിൽ ഡിഗ്രി പഠനത്തിന് എത്തിയതോടെ അവിടെ കായികാധ്യാപകനായ ഡോ. സുജിത്കുമാറിന്റെ നേതൃത്വത്തിലായി പരിശീലനം.
ബി.എസ്.സി മാത്സ് രണ്ടാംവർഷ വിദ്യാർഥിനിയാണ് ഇപ്പോൾ നന്ദ. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നന്ദ മഹാരാഷ്ട്രയിൽ നടന്ന കോച്ചിങ് ക്യാമ്പിൽ പങ്കെടുത്തു. ഇനി ആന്ധ്രയിലും ഡൽഹിയിലും പരിശീലന ക്യാമ്പുകളുണ്ട്. ഒക്ടോബർ 14 മുതൽ 18 വരെ ചൈനയിലെ തായ്ചുമിലാണ് ടൂർണമെൻറ്.