അപകീർത്തി പ്രചാരണം: പോരാളി ഷാജി അടക്കമുള്ളവർക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്
text_fieldsതിരുവനന്തപുരം: വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന അപകീർത്തികരമായ സൈബർ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പോരാളി ഷാജി, ഷമീർ ഷാഹുദീൻ വർക്കല, അരുൺ ലാൽ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികൾക്കും എബിസി മലയാളം, എസ് വിസ് വൈബ്‌സ് എന്നീ യൂട്യൂബ് ചാനലുകൾക്കും എതിരെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവർത്തകർക്കും എതിരെയാണ് സൈബർ പ്രചാരണം. ഗൂഢാലോചനയിൽ പങ്കെടുത്ത വ്യക്തികൾക്കും സമാന ആരോപണങ്ങൾ ഉന്നയിച്ച മറ്റുള്ളവർക്കും എതിരെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെ നടത്തുന്ന സൈബർ പ്രചാരണങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള പത്രപ്രവർത്തക യൂനിയൻ ഇന്നലെ പരാതി നൽകിയിരുന്നു.
രാഷ്ട്രീയ നേതാവുമായി ബന്ധപ്പെടുത്തി വനിത മാധ്യമ പ്രവർത്തകർക്ക് നേരെ ഇടത് സൈബർ പോരാളികൾ നടത്തുന്ന അപകീർത്തികരമായ സൈബർ ലിഞ്ചിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു.
‘സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ് സ്വൈര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത് നിയമസംവിധാനങ്ങൾ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ് സൈബർ ഗുണ്ടകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണം’ -കെ.യു.ഡബ്ല്യു.ജെ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.