കല്യാശ്ശേരി: മാടായിയുടെ പിന്മുറക്കാരൻ
text_fieldsകല്യാശ്ശേരി: വിപ്ലവ നായകരായ കെ.പി.ആർ. ഗോപാലൻ, സഹോദരൻ കെ.പി.ആർ. രയരപ്പൻ, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ച ഇ.കെ. നായനാർ തുടങ്ങിയവർക്ക് ജന്മം നൽകിയ ചുവപ്പുമണ്ണാണ് കല്യാശ്ശേരിയുടേത്.
കല്യാശ്ശേരിയുടെ പേരിൽ നിയമസഭ മണ്ഡലം ക്രമീകരിക്കപ്പെടുന്നത് 2008ലാണ്. മണ്ഡലത്തിൽ കന്നിയങ്കം കുറിച്ചത് 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലുമാണ്. 2016ലടക്കം രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോയ കല്യാശ്ശേരി മണ്ഡലത്തിന് ഒരു ദശകത്തിെൻറ കഥയേ പറയാനുള്ളു. കല്യാശ്ശേരിയുടെ മാതൃമണ്ഡലം പഴയ മാടായിയാണ്.
1956ൽ നിലവിൽ വരുകയും 1957ൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്ത മാടായി മണ്ഡലത്തിൽ നിന്ന് ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കെ.പി.ആർ. ഗോപാലനായിരുന്നു. രണ്ടുതവണ മാടായിയെ പ്രതിനിധാനംചെയ്ത വിപ്ലവാചാര്യൻ കെ.പി.ആറിന് കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി ചരിത്രമെഴുതിയ മണ്ഡലം കൂടിയാണ് മാടായി.
1967ൽ സപ്തകക്ഷി മുന്നണിയിൽ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ മത്തായി മാഞ്ഞൂരാൻ മത്സരിച്ച് ജയിച്ച് മന്ത്രിയായതും മാടായിയിൽ നിന്നാണ്. മത്തായി മാഞ്ഞൂരാെൻറ മരണത്തെ തുടർന്ന് അനുജൻ ജോൺ മാഞ്ഞൂരാൻ മത്സരിച്ച മാടായിയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ പ്രഥമ ഉപതെരഞ്ഞെടുപ്പിെൻറ ചരിത്രം കൂടി കുറിച്ചിട്ടു.
1977ലെ മണ്ഡല പുന:ക്രമീകരണത്തിലൂടെ പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ലയിച്ച് മാടായി മണ്ഡലം നാമാവശേഷമായി. പയ്യന്നൂരും അഴീക്കോടും പുന: ക്രമീകരിക്കപ്പെട്ടതോടെ രൂപം കൊണ്ട കല്യാശ്ശേരി നിയോജക മണ്ഡലം ഏതാണ്ട് മാടായി നിയമസഭ നിയോജക മണ്ഡലത്തിെൻറ പുതിയ രൂപമാണ്.
പഴയ മാടായി നിയോജക മണ്ഡലത്തിലെ മാടായി, മാട്ടൂൽ, കല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ എന്നീ എട്ടു പഞ്ചായത്തുകളും കല്യാശ്ശേരി മണ്ഡലത്തിലുണ്ട്. പാപ്പിനിശ്ശേരിയടക്കം ഒമ്പത് പഞ്ചായത്തുകളിലുണ്ടായ മാടായിയിൽനിന്ന് പാപ്പിനിശ്ശേരി മാത്രമാണ് കല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് പുറത്തായത്.
പകരം പട്ടുവവും ചെറുതാഴവും കൂടി കല്യാശ്ശേരിയിൽ കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ ഏഴെണ്ണം സി.പി.എമ്മിെൻറ ഉരുക്കുകോട്ടകളാണ്. അവശേഷിക്കുന്നവയിൽ പട്ടുവം പഞ്ചായത്ത് സി.പി.എമ്മാണ് ഭരിക്കുന്നതെങ്കിലും യു.ഡി.എഫിനും കിടപിടിക്കാവുന്ന സ്വാധീനമുണ്ട്. മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈയുള്ളത്.
2011ലെ കന്നിയങ്കത്തിൽ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ടി.വി. രാജേഷിനെയാണ് സി.പി.എം മത്സരത്തിനിറക്കിയത്. രാജേഷ് 73190 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി കോൺഗ്രസിലെ പി. ഇന്ദിര നേടിയത് 43244 വോട്ടുകളാണ്. 29946 വോട്ടിെൻറ ഭൂരിപക്ഷമാണ് രാജേഷ് നേടിയത്.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.വി. രാജേഷിനെ തന്നെ എൽ.ഡി.എഫ് രണ്ടാമങ്കത്തിനിറക്കി. കോൺഗ്രസിലെ മുൻ മന്ത്രി എൻ. രാമകൃഷ്ണെൻറ മകൾ അമൃത രാമകൃഷ്ണനെയാണ് യു.ഡി.എഫ് മത്സരിക്കാനിറക്കിയത്.
രാജേഷ് 42891 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അമൃത രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയിൽ, പോൾ ചെയ്ത വോട്ടിെൻറ 60 ശതമാനം നേടി നിയമസഭയിൽ റെക്കോഡിട്ട രണ്ടു പേരിൽ ഒരാൾ ടി.വി. രാജേഷും മറ്റൊരാൾ പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ്.
2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിൽ കല്യാശ്ശേരിയിൽ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനേക്കാൾ സി.പി.എമ്മിെൻറ സതീഷ് ചന്ദ്രന് നേടാനായത് 13694 വോട്ടാണ്.
മണ്ഡല സ്ഥിതിവിവരം
കാസർകോട് ലോക്സഭ മണ്ഡലത്തിെൻറ ഭാഗമാണ് കല്യാശ്ശേരി നിയമസഭ മണ്ഡലം. 2008ലെ നിയമസഭ പുനർ നിർണയത്തോടെയാണ് ഈ നിയമസഭ മണ്ഡലം നിലവിൽ വന്നത്.
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി -പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ പഞ്ചായത്തുകളാണ് കല്യാശ്ശേരിയുടെ കീഴിൽ വരുന്നത്. 177121 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.