ആലപ്പുഴ: ചെങ്ങന്നൂരും മാവേലിക്കരയും എൽ.ഡി.എഫിന് ഉറപ്പ്, ഹരിപ്പാട് യു.ഡി.എഫിനും
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
തുടർഭരണ സാധ്യത ചർച്ചയാകുന്ന വേളയിൽ ആലപ്പുഴയിലെ എൽ.ഡി.എഫ് മേൽക്കോയ്മയിൽ ഇടിവ് തട്ടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് മന്ത്രിമാരെ മാറ്റിയതും ആർ.എസ്.എസ് സൈദ്ധാന്തികൻ ഉയർത്തിയ സി.പി.എം-ബി.ജെ.പി 'ഡീൽ'വിവാദവും പശ്ചാത്തലമായ ജില്ലയിൽ 7:2 എന്ന എൽ.ഡി.എഫ് -യു.ഡി.എഫ് അനുപാതത്തിൽ എന്തു മാറ്റം സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്തവിധം മത്സരം കടുത്തതാണ്.
ജി. സുധാകരനും തോമസ് ഐസക്കും പി. തിലോത്തമനും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിൽ ജില്ലെയാട്ടാകെ എൽ.ഡി.എഫ് മുന്നേറ്റമുണ്ടാകുമായിരുന്നുവെന്ന കാര്യം തീർച്ച. നിലവിൽ ചെങ്ങന്നൂരും മാവേലിക്കരയും എൽ.ഡി.എഫിനും ഹരിപ്പാട് യു.ഡി.എഫിനും ഉറപ്പിച്ച് പറയാനാകും. ചെങ്ങന്നൂരിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.പി രണ്ടാമത് എത്താനുമിടയുണ്ട്. പ്രതിപക്ഷ നേതാവിെൻറ മണ്ഡലത്തിൽ ബി.ജെ.പി ശക്തമാണ്. സി.പി.ഐയിലെ സജിലാലിെൻറ രാഷ്ട്രീയ വോട്ടുകൾ കൂടിയാകുേമ്പാൾ രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം കുറയാനാണ് സാധ്യത.
അമ്പലപ്പുഴയിൽ എച്ച്. സലാമിന്(സി.പി.എം) വെല്ലുവിളി ഉയർത്തി ഡി.സി.സി പ്രസിഡൻറ് എം. ലിജുവിന് മുന്നേറാനായിട്ടുണ്ട്. സമാനമാണ് ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും(സി.പി.എം) ഡോ.കെ.എസ്. മനോജും(കോൺ) തമ്മിലെ മത്സരവും. ചേർത്തലയിൽ എസ്. ശരത്തിനോട് ഏറ്റുമുട്ടാൻ പി. പ്രസാദ്(സി.പി.ഐ) നന്നേ കിതക്കുന്നുണ്ട്. കായംകുളത്ത് സിറ്റിങ്ങ് എം.എൽ.എ യു. പ്രതിഭക്ക് (സി.പി.എം)ശക്തമായ പ്രതിരോധം തീർക്കാൻ അരിത ബാബു(കോൺ)വിനായി.
അരൂരിൽ സിറ്റിങ് എം.എൽ.എ ഷാനിമോൾ ഉസ്മാനും( കോൺ) ദെലീമയും(സി.പി.എം) തമ്മിൽ പൊരിഞ്ഞ പോരാട്ടം. കുട്ടനാട്ടിൽ ആദ്യം മുന്നിട്ടുനിന്ന യു.ഡി.എഫിലെ ജേക്കബ് എബ്രഹാമിനെ(കേരള കോൺ ജോസഫ്) അവസാന ലാപ്പിൽ പിന്നിലാക്കാൻ എൽ.ഡി.എഫിലെ തോമസ് കെ. തോമസ് (എൻ.സി.പി) സർവ കളിയും കളിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ സി.പി.ഐ വിട്ട തമ്പി മേട്ടുതറക്ക് (ബി.ഡി.ജെ.എസ്) ഇവിടെ കഴിഞ്ഞ തവണത്തെ സുഭാഷ് വാസുവിന്റെ പ്രകടനം കാഴ്ചവെക്കാനാകുമോയെന്ന് കണ്ടറിയണം.