ഇടുക്കി; ബലാബലത്തിന്റെ പവർഹൗസ്
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ പൊരിവെയിലും വിവാദങ്ങളുടെ പെരുമഴയും ചേർന്നതാണ് ഇപ്പോൾ ഇടുക്കിയുടെ രാഷ്ട്രീയ കാലാവസ്ഥ. അതിലെ ചില അപ്രതീക്ഷിത മാറ്റങ്ങൾ മുന്നണികൾക്ക് ഒന്നുപോലെ ആശങ്കയും പ്രതീക്ഷയുമാണ്. തൊടുപുഴ നീന്തിക്കയറാമെന്ന് യു.ഡി.എഫും ഉടുമ്പൻേചാലയിൽ വിജയത്തിെൻറ നീരാട്ട് എൽ.ഡി.എഫും ഉറപ്പിക്കുേമ്പാൾ കലങ്ങിനിൽക്കുന്ന ദേവികുളവും വിജയിക്കാൻ കൂടുതൽ കയറേണ്ട പീരുമേടും പോരാട്ടത്തിെൻറ പവർഹൗസായി മാറിയ ഇടുക്കിയും ആർക്കൊപ്പം നിൽക്കുമെന്നാണ് മലയോര ജില്ല ഉറ്റുനോക്കുന്നത്.
2016ൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഉടുമ്പൻചോലയും പീരുമേടും ദേവികുളവും എൽ.ഡി.എഫിെൻറയും ഇടുക്കിയും തൊടുപുഴയും യു.ഡി.എഫിെൻറയും ഒപ്പമായിരുന്നു. ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച കേരള കോൺഗ്രസ്-എമ്മിലെ റോഷി അഗസ്റ്റിൻ പിന്നീട് എൽ.ഡി.എഫിലെത്തി. 15 വർഷമായി കോൺഗ്രസിന് എം.എൽ.ഇ ഇല്ലാത്ത ജില്ലകൂടിയാണ് ഇടുക്കി. പ്രചാരണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൊടുപുഴയിലും പീരുമേട്ടിലും യു.ഡി.എഫിനും ഉടുമ്പൻചോലയിലും ദേവികുളത്തും എൽ.ഡി.എഫിനുമാണ് മുൻതൂക്കം.
ഇടുക്കിയിൽ സ്ഥിതി പ്രവചനാതീതമാണ്. തൊടുപുഴയിൽ ഒമ്പതുതവണ വിജയിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫ്. ഇദ്ദേഹത്തിെൻറ പഴയ സഹയാത്രികൻ കേരള േകാൺഗ്രസ്-എമ്മിലെ പ്രഫ. കെ.െഎ. ആൻറണിയാണ് എതിരാളി. കോവിഡ് പിടികൂടിയത് ഇരുവരുടെയും പ്രചാരണത്തെ തെല്ലൊന്ന് ബാധിച്ചു. എൽ.ഡി.എഫ് പിന്തുണ കൂടിയായപ്പോൾ മത്സരം കടുപ്പിക്കാൻ ആൻറണിക്ക് കഴിഞ്ഞു. എങ്കിലും, യു.ഡി.എഫിനാണ് വ്യക്തമായ മുൻതൂക്കം. 2016ൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയ ജോസഫിന് ഇത്തവണ അത് കുറഞ്ഞേക്കും.
കഴിഞ്ഞതവണ മത്സരിച്ച റോഷി അഗസ്റ്റിനും അഡ്വ. കെ. ഫ്രാൻസിസ് ജോർജും മുന്നണി മാറി ഏറ്റുമുട്ടുന്ന ഇടുക്കിയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും ഒടുവിൽ മത്സരം കടുത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിെൻറ വിവാദ പ്രസ്താവന തിരിച്ചടിയാകുമോ എന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. 2001 മുതൽ തുടർച്ചയായി തന്നെ വിജയിപ്പിക്കുന്നവർ മുന്നണി മാറിയാലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഒപ്പം നിൽക്കുമെന്നാണ് റോഷിയുടെ പ്രതീക്ഷ. രണ്ടു തവണ ഇടുക്കിയിൽനിന്ന് എം.പിയാകാൻ കഴിഞ്ഞതും 10ൽ ഒമ്പത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലത്തിെൻറ രാഷ്ട്രീയ സ്വഭാവവും ഫ്രാൻസിസ് അനുകൂല ഘടകമായി കാണുന്നു.
15 വർഷമായി എൽ.ഡി.എഫ് കൈവശം വെച്ചിരിക്കുന്ന ദേവികുളത്ത് പുതുമുഖങ്ങളായ ഡി. കുമാറും (കോൺഗ്രസ്) എ. രാജയുമാണ് (സി.പി.എം) ഏറ്റുമുട്ടുന്നത്. തോട്ടം മേഖലയിൽ താഴേക്കിടയിലുള്ള വ്യക്തിബന്ധങ്ങൾ കുമാറും യുവത്വവും മണ്ഡല വികസനവും രാജയും നേട്ടമായി വിലയിരുത്തുന്നു. ഇവിടെ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പറയാം. കഴിഞ്ഞതവണ 1109 വോട്ടിന് മാത്രം ജയിച്ച മന്ത്രി എം.എം. മണി ഇക്കുറി ഉടുമ്പൻചോലയിൽ ചരിത്രവിജയം നേടുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. 2001ൽ കൈവിട്ട മണ്ഡലം ഇ.എം. ആഗസ്തിയിലൂടെ തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം.
എന്നാൽ, എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ മണ്ഡലത്തിൽ പ്രകടമാണ്. അതേസമയം, ജോയ്സിെൻറ രാഹുൽ വിരുദ്ധ പ്രസ്താവന ഇവിടെയും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞതവണ 314 വോട്ടിനാണ് പീരുമേട്ടിൽ സി.പി.െഎയുടെ ഇ.എസ്. ബിജിമോൾ കോൺഗ്രസിെൻറ സിറിയക് തോമസിനെ തോൽപിച്ചത്. ഇത്തവണ സി.പി.െഎയുടെ വാഴൂർ സോമനും സിറിയക് തോമസും തമ്മിലാണ് മത്സരം. തോട്ടം മേഖലയായ ഇവിടെ യു.ഡി.എഫിനാണ് ഇത്തവണ മുൻതൂക്കം.