കാസർകോട്: യു.ഡി.എഫ് രണ്ട്, എൽ.ഡി.എഫ് മൂന്ന് എന്ന സ്ഥിതി തുടരും
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ മാറ്റത്തിന് സാധ്യതയില്ലാത്ത സ്ഥിതിയാണ് പ്രചാരണം അവസാനിക്കുേമ്പാൾ കിട്ടുന്നത്. നിലവിലെ രണ്ട് യു.ഡി.എഫ്, മൂന്ന് എൽ.ഡി.എഫ് എന്ന സ്ഥിതി തുടരുമെന്നതാണ് അന്തിമ ചിത്രം. വ്യത്യസ്തമായിരുന്നു മഞ്ചേശ്വരത്തെ പ്രചാരണരംഗം. പ്രഖ്യാപിത സ്ഥാനാർഥിയെ തട്ടിമാറ്റി ബി.ജെ.പിക്കായി കെ.സുരേന്ദ്രൻ പറന്നിറങ്ങിയ മഞ്ചേശ്വരത്ത് അവരുടെ പ്രചാരണം ഏറെയും ഗൂഢമായിരുന്നു. സമാനമായിരുന്നു എൽ.ഡി.എഫും. ഭാഷാ ന്യൂനപക്ഷാംഗമായിരുന്ന പ്രഖ്യാപിത സ്ഥാനാർഥിയെ പിൻവലിച്ച്, യു.ഡി.എഫ് ഭാഷയിൽ 'ദുർബല' സ്ഥാനാർഥിയെ ഇറക്കിയുള്ള പ്രചാരണം.
രണ്ടു പ്രചാരണങ്ങളെയും സംശയാസ്പദമായ നിലയിൽ ബന്ധപ്പെടുത്തുന്ന ആർ.എസ്.എസ് സൈദ്ധാന്തികെൻറ, സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം യു.ഡി.എഫിനു മഞ്ചേശ്വരത്ത് മികച്ച സ്കോർ നേടിക്കൊടുത്തു. 'ഒാർക്കണം പഴയ ഭൂരിപക്ഷം 89' എന്നത് ന്യൂനപക്ഷ കേന്ദ്രങ്ങളിൽ യു.ഡി.എഫിെൻറ ഹാഷ്ടാഗായി മാറി. എല്ലാം ചേർന്ന് മഞ്ചേശ്വരത്ത് ഉരുണ്ടുകൂടിയ കാർമേഘം ന്യൂനപക്ഷ കേന്ദ്രീകരണത്തിലേക്കും ഭൂരിപക്ഷ വിഭജനത്തിലേക്കും നയിച്ചേക്കുമെന്നതിനാൽ ഫലം യു.ഡി.എഫിെൻറ എ.കെ.എം. അഷ്റഫിനാകാനാണ് സാധ്യത, 'ഡീൽ' അതിരുകടന്നിട്ടില്ലെങ്കിൽ.
കാസർകോട് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണെന്നും പതിനായിരത്തിൽതാഴെ വോട്ടിെൻറ വ്യത്യാസം മാത്രമേ അവരുമായുള്ളൂവെന്ന ബോധ്യം യു.ഡി.എഫിനില്ലാതെ പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകമായ യുവാക്കളെ രംഗത്തിറക്കാൻ വേണ്ടത്ര അവർക്ക് കഴിഞ്ഞിട്ടില്ല. വിജയം യു.ഡി.എഫ് സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്നിനാകുമെങ്കിലും ഭൂരിപക്ഷം കുറഞ്ഞേക്കും.
ഉദുമയാണ് അട്ടിമറി പ്രതീക്ഷിച്ചിരുന്ന മണ്ഡലം. പ്രചാരണത്തിെൻറ മേൽതട്ടിൽ എൽ.ഡി.എഫിെൻറ സി.എച്ച്. കുഞ്ഞമ്പുവും യു.ഡി.എഫിെൻറ ബാലകൃഷ്ണൻ പെരിയയും ഇഞ്ചോടിഞ്ചായിരുന്നു. എന്നാൽ, പ്രചാരണം മേൽതട്ടിൽ മാത്രം ഒതുങ്ങി. ഇത് എൽ.ഡി.എഫിെൻറ സാധ്യത വർധിപ്പിക്കുന്നു.
കാഞ്ഞങ്ങാട് മന്ത്രി മണ്ഡലമാണ്. ഇ. ചന്ദ്രശേഖരൻ മൂന്നാം തവണ മത്സരിക്കുന്നതിനോടുള്ള വിയോജിപ്പുകൾ സി.പി.െഎയിലും മുന്നണിക്കകത്തും ഉണ്ടെങ്കിലും അത് മുതലെടുക്കാനുള്ള സന്നാഹങ്ങൾ യു.ഡി.എഫിനില്ലാതെ പോയി. സംസ്ഥാനത്തെ വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇതിൽ കുറവുണ്ടാകും. തൃക്കരിപ്പൂരിൽ കണക്കുകൾ നിരത്തി യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർഥി. ഇരു ന്യൂനപക്ഷങ്ങളും യോജിക്കുമെന്നായിരുന്നു ഇൗ പ്രതീക്ഷക്ക് കാരണം. എന്നാൽ, ഇത് കണക്കിലൊതുങ്ങാനാണ് സാധ്യത.