നിയമസഭ തെരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ
text_fieldsതൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ ഇടത്-വലത് മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായി. ഇടത് മുന്നണിയിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞുകഴിഞ്ഞെു, യു.ഡി.എഫിലാകട്ടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. എൽ.ഡി.എഫിൽ ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളും തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളും പീരുമേട് സി.പി.ഐ സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(ജോസഫ്) സ്ഥാനാർഥികളുമാണ് മത്സരിച്ചിരുന്നത്.
ധാരണയായി ഇടത് മുന്നണി; യു.ഡി.എഫ് ചർച്ച അന്തിമഘട്ടത്തിൽ
ജില്ലയിൽ സീറ്റ് വിഭജനത്തിൽ ധാരണയായ ഇടത് മുന്നണി സ്ഥാനാർഥി നിർണയത്തിലും ഏകദേശം മുന്നിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇടുക്കിയിൽ സിറ്റിങ് എം.എൽ.എകൂടിയായ മന്ത്രി റോഷി അഗസ്റ്റിന്റെ സ്ഥാനാർഥിത്വം പാർട്ടി ചെയർമാൻ ജോസ് കെ. മാണിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനവും ഇതാണ്. ദേവികുളത്ത് സിറ്റിങ് എം.എൽ.എയായ എ. രാജയും പീരുമേട് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാറും ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനും സ്ഥാനാർഥികളാകുമെന്നാണ് ധാരണ. കേരള കോൺഗ്രസ് (എം)നുള്ള തൊടുപുഴയിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്.
യു.ഡി.എഫിൽ ഇടുക്കി സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച തർക്കമാണ് ധാരണയാകുന്നതിൽ തടസ്സമെന്നാണ് സൂചന. നിലവിൽ കേരള കോൺഗ്രസ് (ജോസഫ്) ആണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. എന്നാൽ, വിജയസാധ്യത പരിഗണിച്ച് മണ്ഡലം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതിന് ശേഷമേ സ്ഥാനാർഥികളുടെ ചിത്രം തെളിയൂ. കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും മൂന്നുവീതം പേരുകളാണ് നിലവിൽ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.
മുതിർന്ന യു.ഡി.എഫ് നേതാവും കേരള കോൺഗ്രസ് (ജോസഫ്) ചെയർമാനുമായ പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും ആര് മത്സരിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല. പി.ജെ. ജോസഫ് തന്നെ മത്സരിക്കുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുമ്പോൾ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അദ്ദേഹം മാറി മകൻ അപുജോൺ ജോസഫ് വരുമെന്നാണ് മറുവിഭാഗം പറയുന്നത്. അടുത്തയാഴ്ച ആദ്യത്തോടെ ചിത്രം തെളിയുമെന്നാണ് വിവരം.
ശക്തി തെളിയിക്കാൻ ചെറുപാർട്ടികളും
ജില്ലയിൽ വലിയ പ്രതീക്ഷകളില്ലെങ്കിലും എല്ല മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികളുണ്ടാകും. എന്നാൽ, സി.പി.എം ബന്ധമുപേക്ഷിച്ച എസ്. രാജേന്ദ്രൻ ബി.ജെ.പി പാളയത്തിലെത്തിയതോടെ ഇദ്ദേഹത്തിന് സ്വാധീനമുള്ള ദേവികുളം മണ്ഡലത്തിലടക്കം കരുത്ത് തെളിയിക്കുമെന്നാണ് എൻ.ഡി.എ നേതാക്കൾ പറയുന്നത്. ഇതോടൊപ്പം തമിഴ് വോട്ടർമാർക്ക് സ്വാധീനമുള്ള പീരുമേട്, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അവർ പറയുന്നു. ഇതിന് പുറമേ ആംആദ്മി പാർട്ടിയും ചില മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ക്ഷാമബത്ത വർധനക്ക് വേണ്ടി സമരരംഗത്തുള്ള തോട്ടം തൊഴിലാളികളും ദേവികുളം മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങുമെന്നറിയിച്ചിട്ടുണ്ട്.


