അസി. ലോക്കോ പൈലറ്റ് ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഗൃഹപ്രവേശത്തിനും മകളുടെ ജനനത്തിനും പിന്നാലെ
text_fieldsനാഗർകോവിൽ/കുണ്ടറ: കോട്ടാർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിന് സമീപം സുകൃതം വീട്ടിൽ പ്രദീപ് (42) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പായിരുന്നു പ്രദീപിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവും.
വ്യാഴാഴ്ച അർധരാത്രി 1.30ഓടെ നാഗർകോവിൽ സ്റ്റേഷനിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. വിവേക് എക്സ്പ്രസ് ട്രെയിനിൽ കൊല്ലം മുതൽ നാഗർകോവിൽ വരെ ഡ്യൂട്ടി ചെയ്തശേഷം ഇറങ്ങാൻ സമയത്താണ് സംഭവം. കന്യാകുമാരിയിൽ ട്രെയിൻ യാത്ര അവസാനിച്ച് ബോഗികൾ ശുചീകരണത്തിനായി നാഗർകോവിലിൽ എത്തിച്ചതായിരുന്നു. ലോക്കോ പൈലറ്റ് മോഹനൻ ഇറങ്ങിയപ്പോൾ ബാഗെടുക്കാൻ വീണ്ടും പ്രദീപ് കാബിനിൽ കയറി. ഏറെ കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. തുടർന്ന് ലോക്കോ പൈലറ്റ് കാബിനിൽ കയറി നോക്കിയപ്പോഴാണ് പ്രദീപ് വീണ് കിടക്കുന്നത് കണ്ടത്. റെയിൽവേ ഡോക്ടർ പരിശോധിച്ചശേഷം ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ. പിതാവ്: മാധവൻ, മാതാവ്: തങ്കമ്മ. പ്രദീപിന്‍റെ വിയോഗത്തിൽ ദക്ഷിണ റെയിൽവേ അനുശോചിച്ചു.