ഭക്ഷണം കിട്ടാൻ വൈകിയത് ചോദ്യം ചെയ്തു; യുവാവിനെ വെട്ടി തട്ടുകടക്കാരൻ
text_fieldsഅടിമാലി: മൂന്നാറിൽ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കൊല്ലം ആയൂർ സ്വദേശി റോഡുവിള ഷംനാദ് ഹുസൈനാണ് (33) പരിക്കേറ്റത്. സംഭവത്തിൽ തട്ടുകടയിലെ തൊഴിലാളി ദേവികുളം ഒ.ഡി.കെ ഡിവിഷനിൽ ശിവക്കെതിരെ (41) മൂന്നാർ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി 10.30ഓടെ മൂന്നാർ പോസ്റ്റ് ഓഫിസ് കവലയിലെത്തിയ ഷംനാദും സുഹൃത്തുക്കളും സമീപത്തുള്ള തട്ടുകടയിലെത്തി ഭക്ഷണത്തിന് ഓർഡർ നൽകി. ഭക്ഷണം കിട്ടാൻ താമസം വന്നതോടെ തട്ടുകട ഉടമയോട് കാരണം തിരക്കി. ഈ സമയം കടയിലെത്തിയ മറ്റുള്ളവർക്ക് ഭക്ഷണം നൽകാൻ ഉടമ തിടുക്കംകൂട്ടുന്നതുകണ്ട് ഷംനാദ് ഓർഡർ ചെയ്ത ഭക്ഷണം തരാൻ വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും വാക്തർക്കമായി.
ഇതോടെ കടയിലെ ജോലിക്കാരൻ ശിവ പിച്ചാത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ ഷംനാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്തശേഷം ശിവയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.


