കൊലപാതകശ്രമം; പ്രതി പിടിയിൽ
text_fieldsഫിബിൻ
അഞ്ചാലുംമൂട്: മുൻവിരോധത്താൽ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പൊലീസിന്റെ പിടിയിലായി. പനയം ചെമ്മക്കാട് തഴശ്ശേരി വീട്ടിൽ ഫിബിനാണ് (30) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. പനയം ചെമ്മക്കാട് പുഷ്പ ഭവനിൽ ഹുബാൾട്ടി (55)നെയാണ് ഇയാളും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇവർ തമ്മിലുണ്ടായിരുന്ന മുൻ വിരോധം നിമിത്തം കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഫിബിനും സംഘവും ഹുബാൾട്ടിന്റെ വീട്ടിൽ വടികളുമായി അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ശേഷം അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപിച്ചു.
തലക്കടിയേറ്റ് മാരകമായി പരിക്ക് പറ്റിയ ഹുബാൾട്ടിനെ ഇവർ വീണ്ടും മർദിച്ച് അവശനാക്കിയ ശേഷം വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഹുബാൾട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത അഞ്ചാലൂംമൂട് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണ്.