അധികൃതർ കാണണം പ്ലാസ്റ്റിക് കൂരയിൽ ഉരുകുന്ന ജീവിതങ്ങൾ
text_fieldsആദിവാസി കോളനിയിലെ പ്ലാസ്റ്റിക് കൂരകളിലൊന്ന്
വെള്ളമുണ്ട: വേനലിൽ നാട് ചൂടിൽ വെന്തുരുകുമ്പോൾ പ്ലാസ്റ്റിക്ക് കൂരക്ക് കീഴിൽ വെന്തുരുകി ആദിവാസികളുടെ പൊള്ളുന്ന ജീവിതം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പ്ലാസ്റ്റിക് കുടിലുകളിൽ കഴിയുന്ന ആദിവാസികൾക്ക് പറയാനുള്ളത് പൊള്ളുന്ന ജീവിതം.
കാലങ്ങളായി തുടരുന്ന അവഗണനയിൽ ജീവിതത്തിന്റെ നിറംകെട്ട് പോയ വയനാടൻ മക്കളുടെ ദുരിത ജീവിതം തെരഞ്ഞെടുപ്പു വേദികളിലും ചർച്ചയായില്ല. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കുടിലുകളിൽ കത്തുന്ന ചൂടിൽ വെന്തുരുകി നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് വിവിധ ഭാഗങ്ങളിൽ നരകജീവിതം നയിക്കുന്നത്.
ചൂട്താങ്ങാനാവാതെ രോഗികളായി ആശുപത്രികളിൽ ചികിത്സ തേടുന്ന ആദിവാസികളുടെ എണ്ണം അടുത്ത ദിവസങ്ങളിലായി വർധിച്ചതായി സാമൂഹിക പ്രവർത്തകർ ചൂണ്ടി കാട്ടുന്നു. വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വിവിധ കോളനികളിലായി നൂറുകണക്കിന് പ്ലാസ്റ്റിക് കുടിലുകൾ ഉണ്ടെന്നാണ് കണക്ക്.
ഒരാൾ പൊക്കത്തിൽ കെട്ടിയ കുടിലുകൾക്കുള്ളിൽ ചെറിയ കുഞ്ഞുങ്ങളടക്കം ചുട്ടു പൊള്ളുന്ന അവസ്ഥയിലാണ് കഴിയുന്നത്. കോളനികളിലെത്തുന്ന നേതാക്കൾക്കും അധികൃതർക്കും മുന്നിൽ വേവുന്ന ജീവിതത്തിന്റെ നേർചിത്രങ്ങളായി ആദിവാസി കുടുംബങ്ങൾ നിൽക്കുമ്പോഴും കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ല.
പാതിയിൽ പണി നിർത്തിയ വീടുകളിൽ ദുരിത ജീവിതം നയിക്കുന്നവരും ഏറെയാണ്. പാതിയിൽ നിലച്ച വീടുകളിൽ പരാതി ആരോടു പറയണമെന്നറിയാതെ തുറന്നിട്ട മുറികളിൽ ആദിവാസി കുടുംബങ്ങൾ കിടന്നുറങ്ങുകയാണ്.
ചാക്കുകൊണ്ട് മറച്ചാണ് സ്ത്രീകളടക്കം പല സ്ഥലത്തും താമസിക്കുന്നത്. വീട് പൂർത്തിയാവാത്തതു കാരണം വൈദ്യുതിയും ഇവർക്ക് കിട്ടാക്കനിയാണ്.