ഉരുളിൻ മഹാനിദ്രയിൽ നിന്നുണരുമോ സർക്കാർ?
text_fields
മരണത്തിന്റെ മഹാരൗദ്രത വിളയാടിയ വഴികളിൽ ഭീതിദമായ മൗനം. ആമോദങ്ങളേറെക്കണ്ട വഴികൾ ആളനക്കമില്ലാത്തതിനാൽ പായൽ പിടിച്ചിരിക്കുന്നു. തകർന്നടിഞ്ഞ ശേഷിപ്പുകൾ പലതും പച്ചപ്പിൽ മൂടി. ഭൂപടത്തിൽനിന്ന് ഉരുളിനാൽ അറുത്തുമാറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ആരുമിപ്പോൾ പടികടന്നുവരുന്നില്ല. ഇവിടെ ജീവിച്ചിരുന്നവർ അരുമയോടെ നട്ടുനനച്ചുണ്ടാക്കിയ തൊടിയിൽ പഴങ്ങളെടുക്കാൻ കുഞ്ഞുങ്ങളില്ല. പകരമെത്തിയ മലയണ്ണാന്റെ ശബ്ദത്തിന് ശ്മശാന മൂകതയിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മരണത്തിന്റെ മഹാരൗദ്രത വിളയാടിയ വഴികളിൽ ഭീതിദമായ മൗനം. ആമോദങ്ങളേറെക്കണ്ട വഴികൾ ആളനക്കമില്ലാത്തതിനാൽ പായൽ പിടിച്ചിരിക്കുന്നു. തകർന്നടിഞ്ഞ ശേഷിപ്പുകൾ പലതും പച്ചപ്പിൽ മൂടി. ഭൂപടത്തിൽനിന്ന് ഉരുളിനാൽ അറുത്തുമാറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ആരുമിപ്പോൾ പടികടന്നുവരുന്നില്ല. ഇവിടെ ജീവിച്ചിരുന്നവർ അരുമയോടെ നട്ടുനനച്ചുണ്ടാക്കിയ തൊടിയിൽ പഴങ്ങളെടുക്കാൻ കുഞ്ഞുങ്ങളില്ല. പകരമെത്തിയ മലയണ്ണാന്റെ ശബ്ദത്തിന് ശ്മശാന മൂകതയിൽ കട്ടിയേറുന്നു. ഒരുനാട് തീർത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
വെള്ളരിമലയുടെ മലത്തലപ്പിനടിയിലെ നീർച്ചാൽ സഞ്ചരിക്കുന്ന വഴിയിലൂടെ നാടിനെ നടുക്കി ഉരുൾ പൊട്ടിയൊഴുകിയ ശേഷം എല്ലാം മാറിമറിഞ്ഞു. ചൂരൽമലയിൽനിന്ന് മുണ്ടക്കൈയും പുഞ്ചിരിമട്ടവും കയറി മുകളിലെത്തിയാൽ കാണുന്ന വനത്തിലെ ആ വിനാശപ്പിറവി തീർത്ത ദുരിതങ്ങളുടെ കണ്ണീർപെയ്ത്ത് തോർന്നിട്ടേയില്ല.
ഒരു വർഷം മുഴുവൻ കാലവും അധികാരികളും ഇത്രയേറെ നിസ്സംഗമായി നോക്കിനിന്ന മറ്റൊരിടമുണ്ടായേക്കില്ല. തകർന്നയിടത്തുതന്നെ നിൽക്കുകയാണ് മിക്കവരും. മുണ്ടക്കൈ പള്ളിക്കരികിൽ കുന്നിൻമുകളിലേക്ക് ആർത്തലച്ചുകയറിയ കൂറ്റൻ പാറക്കല്ല് ആ അതിശയം പേറി അവിടെത്തന്നെയുണ്ട്. അതുപോലെ, നാടിനെ കശക്കിയെറിഞ്ഞ മറ്റു കൂറ്റൻ പാറകളും. നഷ്ടങ്ങളുടെ ആഴത്താൽ മനസ്സ് നീറിപ്പുകയുന്നവർ. പരസ്പരം ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോഴും പരിഭവങ്ങളുടെ പൊതിക്കെട്ടുകൾ അവർ തുറന്നുവെക്കുന്നു. തകർന്നടിഞ്ഞ് വർഷമൊന്നായിട്ടും ഇറയത്ത് നിൽക്കുന്നവന്റെ വേദനകളാണ് വാക്കുകളിൽ നിറയെ. അകത്തും പുറത്തുമായി തിരിച്ച അതിർവരമ്പുകളിലെ അനീതിയെക്കുറിച്ച് അവർക്ക് പറയാനുണ്ട്.
നാടും വീടും കുടുംബവുമടക്കം എല്ലാം ഉരുളെടുത്ത് ജീവച്ഛവമായി നിൽക്കുന്നവർ ആതുരസഹായം തേടുകയാണ്. ഒരു പുരുഷായുസ്സിൽ വിയർപ്പൊഴുക്കി നേടിയെടുത്തതെല്ലാം ഒറ്റരാത്രിയിൽ ഒലിച്ചുപോകുന്നത് കണ്ടുനിൽക്കേണ്ടി വന്നവർ. ജീവസന്ധാരണത്തിന് എന്തുണ്ട് വഴിയെന്നറിയാതെ പകച്ചുനിൽക്കുന്നവർ. കാലചക്രം കറങ്ങിത്തെളിഞ്ഞ് വീണ്ടുമൊരു ജൂലൈ 30ലെത്തുമ്പോഴും ഇരുട്ടിൽ വഴിയറിയാതുഴലുകയാണ്. പ്രതീക്ഷയുടെ പുതുവാതിലുകളൊന്നും അവർക്കുമുന്നിൽ തുറന്നിട്ടില്ല. അതിജീവിതരെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനു പകരം കേന്ദ്രവും കേരളവും ഉത്തരവാദിത്തങ്ങൾ കൈയൊഴിയാൻ തിടുക്കം കാട്ടുകയാണ്. അന്ന് ആകാശവും കരയും കടന്നെത്തിയവർ ഇവരുടെ കരച്ചിൽ കാണുന്നില്ലെന്നാണോ?...വിറങ്ങലിച്ചുപോയ നാടിന്റെ വാഗ്ദാനങ്ങൾ വർഷത്തിനിപ്പുറവും അനക്കമില്ലാതെ കിടക്കുമ്പോൾ ഇനിയുമെത്രകാലം അവരീ മഴയെത്തു നിൽക്കണം?