മൃതദേഹം സംസ്കരിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി ഓട്ടോ ഡ്രൈവർ
text_fieldsപത്തനാപുരം: മൃതദേഹം സംസ്കരിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി ഓട്ടോ ഡ്രൈവർ. കടയ്ക്കാമൺ അംബേദ്കർ നഗറിൽ വാടകക്ക് താമസിച്ചു വന്നിരുന്ന ഉഷ (54)യുടെ മൃതദേഹം സംസ്കരിക്കുന്നതിനാണ് പത്തനാപുരം നെടുമ്പറമ്പ് സ്റ്റാൻഡിലെ ഡ്രൈവർ ഷിബു സ്ഥലം വിട്ടുനൽകിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഉഷ അന്തരിച്ചത്. പൊതുദർശനത്തിനായി ഇവരുടെ മൃതദേഹം വാടകവീട്ടിലേക്ക് കൊണ്ടു വരികയും സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ വീണ്ടും ആശുപത്രി മോർച്ചറിയിലേക്ക് തന്നെ മാറ്റുകയുമായിരുന്നു.
മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലെന്നറിഞ്ഞ ഷിബു ഇതിനായി 10 സെൻറ് സ്ഥലത്തിൽ നിന്ന് കുറച്ച് ഭാഗം വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചു. രണ്ടു വർഷം മുൻപാണ് ഷിബു കൂടൽ മുക്കിൽ 10 സെന്റ് സ്ഥലം വീട് വയ്ക്കാൻ വാങ്ങിയത്. സ്ഥലം വാങ്ങിയെങ്കിലും വീട് വയ്ക്കാൻ പണം കണ്ടെത്തുന്ന തിരക്കിലായിരുന്നു ഷിബു. അങ്ങനിരിക്കെയാണ് മൃതദേഹം സംസ്കരിക്കാൻ, താൻ വാങ്ങിയ ഭൂമിയിലെ ഒരു ഭാഗം വിട്ടു നൽകാൻ ഷിബു തയാറായത്. .വീടെന്ന സ്വപ്നം ബാക്കിയാണെങ്കിലും ഒരാളെ അടക്കം ചെയ്യാൻ സ്ഥലം വിട്ടു നൽകിയതിലുള്ള ആത്മ സംതൃപ്തിയിലാണ് അദ്ദേഹം.


