വൃക്കകള്‍ തകരാറിലായ സഹപ്രവര്ത്തകന് ചികിത്സ സഹായത്തിനായി ഓട്ടോതൊഴിലാളികള്‍
text_fieldsഎടക്കര: വൃക്കകള്‍ തകരാറിലായ സഹപ്രവര്‍ത്തകന്റെ ചികിത്സ ചെലവിലേക്ക് പണം കണ്ടെത്താന്‍ ഓട്ടോ തൊഴിലാളികള്‍ രംഗത്ത്. ടൗണിലെ ഓട്ടോ ഡ്രൈവര്‍ വെസ്റ്റ് പെരുങ്കുളത്തെ തോണിക്കടവത്ത് ഷംസുദ്ദീന്റെ (മാനു-39) ചികിത്സ സഹായത്തിനു വേണ്ടിയാണ് എടക്കരയിലെ ഓട്ടോറിക്ഷകള്‍ ബുധനാഴ്ച ഓടിയത്.
വിവിധ സ്റ്റാന്‍ഡുകളിലെ പാസഞ്ചര്‍ ഓട്ടോകളും ഗുഡ്സ് ഓട്ടോകളും ഇതില്‍ പങ്കാളികളായി. നിര്‍ധന കുടുംബാംഗമായ ഷംസുദ്ദീന്റെ ഇരുവൃക്കകളും തകരാറിലാണ്. ഭാര്യ ഷെമീറ വൃക്ക നല്കാന് തയാറാണെങ്കിലും ശസ്ത്രക്രിയ നടത്താന്‍ സാമ്പത്തികമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് കുടുംബം. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റസാഖ് എരഞ്ഞിക്കല്‍ ചെയര്‍മാനായും പഞ്ചായത്തംഗം കബീര്‍ പനോളി (9447229088) കണ്‍വീനറായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായം നല്‍കുന്നതിന് കനറാ ബാങ്ക് എടക്കര ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 110212443310. ഐ.എഫ്.എസ്.സി: സിഎന്‍ആര്‍ബി 0000857. ഗൂഗിള്‍പേ നമ്പർ: 9656127927.