അയ്യപ്പസംഗമം: ജീവനക്കാരുടെ ചെലവ് ദേവസ്വം ഫണ്ടിൽനിന്ന് വഹിക്കാമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: പമ്പാതീരത്ത് ശനിയാഴ്ച നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ജീവനക്കാരടക്കമുള്ളവരുടെ ചെലവ് ക്ഷേത്ര ഫണ്ടിൽനിന്ന് വഹിക്കാമെന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
ദേവസ്വം ഉത്തരവ് ചോദ്യംചെയ്ത് കാസർകോട് നീലേശ്വരം സ്വദേശിയും ക്ഷേത്രം ജീവനക്കാരനുമായ എ.വി. രാമചന്ദ്രൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയിൽ സർക്കാറിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും സെപ്റ്റംബർ 25ന് പരിഗണിക്കാൻ മാറ്റി.
അയ്യപ്പസംഗമത്തിന് പോകാൻ സ്വമേധയാ തയാറായ ക്ഷേത്രം ട്രസ്റ്റിമാർ, എക്സിക്യൂട്ടിവ് ഓഫിസർമാർ, ജീവനക്കാർ എന്നിവർക്ക് യാത്ര, ഭക്ഷണം എന്നിവക്കായുള്ള ചെലവ് ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽനിന്ന് വഹിക്കാൻ ദേവസ്വം ബോർഡ് കമീഷണറാണ് അനുമതി നൽകിയത്.