Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പ സംഗമം: ചെലവ്...

അയ്യപ്പ സംഗമം: ചെലവ് കണ്ടെത്തുക സ്പോൺസർഷിപ്പിലൂടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

text_fields
bookmark_border
അയ്യപ്പ സംഗമം: ചെലവ് കണ്ടെത്തുക സ്പോൺസർഷിപ്പിലൂടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
cancel
camera_alt

പി.എസ്. പ്രശാന്ത്

പന്തളം: ആഗോള അയ്യപ്പ സംഗമം ചെലവ് കണ്ടെത്തുക സ്പോൺസർഷിപ്പിലൂടെയും സി.എസ്.ആർ ഫണ്ട് സ്വീകരിച്ചും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ബുധനാഴ്ച രാവിലെ പന്തളം കൊട്ടാരത്തിലെത്തിയ പി.എസ്. പ്രശാന്ത് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ തേടി. ശബരിമലയിലേക്ക് പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാകുന്നത്. യോജിക്കാൻ കഴിയുന്നവർക്ക് പരിപാടിയുടെ ഭാഗമാകാം. പന്തളം കൊട്ടാരം പ്രതിനിധികൾ വരണമല്ലോ. സംഘപരിവാർ സംഘടനകൾ പന്തളത്ത് സംഘടിപ്പിക്കുന്ന ബദൽ സംഗമം അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പന്തളം കൊട്ടാരത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

2018 കാലയളവിലെ കേസുകൾ പിൻവലിക്കുന്ന വിഷയം കൊട്ടാരം പ്രതികൾ ഉന്നയിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി ശബരിമലയിൽ ആചാരങ്ങൾ പാലിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണോ എന്നത് കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം അറിയിച്ചു. 22ന് പന്തളത്ത് ചേരുന്ന ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കുന്നതിലും തീരുമാനമെടുത്തിട്ടില്ല. ദേവസ്വം ബോർഡുമായി നല്ല ബന്ധമാണ് തുടരുന്നതെന്ന് സംഘം പ്രസിഡന്റ് എം.ആർ. സുരേഷ് വർമ ' മാധ്യമ'ത്തോട് പറഞ്ഞു.

അതേസമയം അയ്യപ്പ സംഗമത്തിൽ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ എന്നും ഹൈകോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിക്കുന്ന ദേവസ്വം ബെഞ്ചാണ് ചോദ്യങ്ങളുന്നയിച്ചത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്തെല്ലാം ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ടെത്തിയാണ് വാദം നടത്തുന്നത്. ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയിൽ അറിയിച്ചത്.

പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.

Show Full Article
TAGS:Ayyappa sangamam Devaswom Board PS prasanth 
News Summary - Ayyappa Sangamam: Devaswom Board President says expenses will be met through sponsorship
Next Story