Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാജരാകാതെ ബാബാ...

ഹാജരാകാതെ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും; ശനിയാഴ്ച വീണ്ടും വിചാരണ

text_fields
bookmark_border
ഹാജരാകാതെ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും; ശനിയാഴ്ച വീണ്ടും വിചാരണ
cancel
camera_alt

ആചാര്യ ബാലകൃഷ്ണയും ബാബാ രാംദേവും

പാലക്കാട്: ഔഷധപരസ്യനിയമം ലംഘിച്ച കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പ്രതികളായ യോഗാചാര്യൻ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും. കേ​രള ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരാതിയിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നടക്കുന്ന കേസിൽ അഞ്ചു തവണയാണ് ഇവർ ഹാജരാകാതിരുന്നത്. തുടർന്ന് നീട്ടിവെച്ച വിചാരണ നടപടി ശനിയാഴ്ച നടക്കും. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ച് പരസ്യം നടത്തുന്നെന്ന് കാണിച്ച് ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബു നൽകിയ പരാതിയിലാണ് സംസ്ഥാന ഡ്രഗ്സ് വിഭാഗം 2023 ഒക്ടോബർ ഏഴിന് ടീം രൂപവത്കരിച്ച് നടപടി തുടങ്ങിയത്.

2024 ഏപ്രിൽ എട്ടിന് പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസി, ഉടമകളായ ​യോഗാചാര്യൻ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ പ്രതികളാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കോഴിക്കോട് അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളറുടെ ഓഫിസ് കേസ് ഫയൽ ചെയ്തു. ഇന്ത്യയിൽ ഡ്രഗ്സ് വിഭാഗം അധികൃതർ പതഞ്ജലിക്കെതിരെ ഫയൽചെയ്യുന്ന ആദ്യ കേസാണിത്. തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനം ചെയ്തതിലൂടെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ് മെന്‍റ്) ആക്ട് 1954 സെക്ഷൻ 3 (ബി), 3 (ഡി) ലംഘിച്ചതുമായി ബന്ധപ്പെട്ട് യൗവൻ ഗോൾഡ് പ്ലസ്, സ്വർണ ശിലാജിത്, യൗവൻ ചുമ, യൗവനാമൃത് വാഡി തുടങ്ങിയ മരുന്ന് പരസ്യങ്ങൾക്കെതിരെയായിരുന്നു നടപടി.

ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. 2024 ജൂൺ മൂന്നിനാണ് കോഴിക്കോട് കോടതിയിൽ ആദ്യ ഹിയറിങ് വെച്ചിരുന്നത്. തുടർന്നും കോടതിയിൽനിന്ന് നിർദേശം പോയെങ്കിലും പിന്നീടുള്ള ഹിയറിങ്ങിൽ പ്രതിപ്പട്ടികയിലുള്ളവർ ഹാജരായില്ല. പതഞ്ജലി ഉൽപന്ന നിർമാതാക്കൾക്കെതിരെ സംസ്ഥാനത്ത് 29 കേസുകളാണ് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തത്. വിവിധ കോടതികളിൽ നിയമനടപടികൾ തുടരുകയാണ്. കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോൾ ഓഫിസിനു കീഴിൽ ഏഴു പരാതികളിലാണ് നിയമനടപടി.

Show Full Article
TAGS:patanjali acharya balakrishna Baba Ramdev 
News Summary - Baba Ramdev and Acharya Balakrishna absent; Trial to resume on Saturday
Next Story