Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോർഡ് വെച്ച് ബാബു...

ബോർഡ് വെച്ച് ബാബു കാത്തിരിക്കുന്നു, കടയിൽ പണപ്പൊതി മറന്നുവെച്ചയാളെ

text_fields
bookmark_border
honesty
cancel
camera_alt

സസ്യമാർക്കറ്റിലെ ബാബുവിന്റെ കടക്ക് മുന്നിലെ ബോർഡ്

കായംകുളം: സസ്യ മാർക്കറ്റിലെ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള എം.എ സ്റ്റേഷനറിക്ക് മുന്നിൽ തൂക്കിയിരിക്കുന്ന ബോർഡ് കണ്ട് ആരും ഒരു നിമിഷം അമ്പരപ്പോടെ നോക്കി നിന്നുപോകും. ‘കുറച്ച് പണം കൗണ്ടറിൽ നിന്നും കിട്ടിയിട്ടുണ്ട്. നഷ്ടപ്പെട്ടവർ ബന്ധപ്പെടുക'' എന്ന ബോർഡാണ് വഴിയാത്രികരെ പിടിച്ചുനിർത്തുന്നത്.

കാർഡ്ബോർഡിൽ പേന ഉപയോഗിച്ച് എഴുതിയ അക്ഷരങ്ങൾക്ക് അത്ര വടിവില്ലെങ്കിലും അതിലെ നന്മമനസ്സ് നവമാധ്യമങ്ങളിൽ വന്നതോടെ വൈറലായി. ഒരാഴ്ച മുമ്പാണ് കടയിലെ കൗണ്ടറിൽ ആരോ പണപ്പൊതി മറന്നുവെച്ചത്. ബാബുവിന്‍റെ മകൻ ഹാഷിമാണ് അന്ന് കടയിലുണ്ടായിരുന്നത്.

നഷ്ടപ്പെട്ടവർ അന്വേഷിച്ച് എത്തുമെന്ന് കരുതി രണ്ട് ദിവസം കാത്തിരുന്നിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ് ബോർഡ് എഴുതി വെച്ചത്. ഇത് കണ്ട് പലരും പണം തേടി കടയിലേക്ക് എത്തിയെങ്കിലും അടയാളം പറയാൻ കഴിയാതെ മടങ്ങി. പലർക്കും പതിനായിരത്തിൽ താഴെ മാത്രമെ നഷ്ടമായിട്ടുള്ളു. കടയിൽ കിട്ടിയതാകട്ടെ അര ലക്ഷത്തിനടുത്തുണ്ട്.

കൃത്യമായ അടയാളവുമായി എത്തുന്നവർക്കെ പണം നൽകാൻ കഴിയുവെന്നാണ് സൂക്ഷിപ്പുകാരനായ ഹാഷിം പറയുന്നത്. അന്ന് കടയിലേക്ക് വന്നയാളിന്‍റെ മുഖം കൗണ്ടറിലുണ്ടായിരുന്ന ഹാഷിമിന്‍റെ മനസിൽ ഇപ്പോഴുമുണ്ട്. ഒറ്റേനാട്ടത്തിൽ അയാളെ തിരിച്ചറിയാനാകും.

തിരക്കേറിയ നഗരത്തിനുള്ളിലേക്ക് ഓരോ ദിവസവും എത്തുന്നവരിൽ സാധ്യമാകുന്ന തരത്തിൽ ഹാഷിം ആ മുഖം തിരയാറുണ്ട്. പണം നഷ്ടമായ ദുഃഖവുമായി കഴിയുന്ന യഥാർത്ഥ ഉടമസ്ഥൻ കടയിലേക്ക് കയറി വരുമെന്ന് തന്നെയാണ് ഹാഷിമിന്‍റെ പ്രതീക്ഷ.


Show Full Article
TAGS:honesty 
News Summary - Babu waits owner of money packet forgot in his shop
Next Story