Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടറെ കാണാൻ വരിനിന്ന...

ഡോക്ടറെ കാണാൻ വരിനിന്ന അമ്മയുടെ കൈയിലെ കുഞ്ഞ് മരിച്ചനിലയിൽ

text_fields
bookmark_border
ഡോക്ടറെ കാണാൻ വരിനിന്ന അമ്മയുടെ കൈയിലെ കുഞ്ഞ് മരിച്ചനിലയിൽ
cancel
camera_alt

സനോമിയ

Listen to this Article

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരിനില്‍ക്കുകയായിരുന്ന മാതാവിന്‍റെ കൈയിലെ കുഞ്ഞ് മരിച്ചനിലയില്‍. ചാലിയാർ പഞ്ചായത്തിലെ പാലക്കയം ആദിവാസി നഗറിലെ അജിത്-സൗമ‍്യ ദമ്പതികളുടെ മകൾ സനോമിയ (മൂന്ന്) ആണ് മരിച്ചത്. വ‍്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം.

പനിയും ഛർദിയും തളര്‍ച്ചയും അനുഭവപ്പെട്ട് വ‍്യാഴാഴ്ച രാവിലെ എട്ടോടെയാണ് വീട്ടിൽനിന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് സൗമ്യയും അജിത്തും പറഞ്ഞു. കുട്ടിക്ക് തലേദിവസം രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒ.പിയിൽ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി വിശദപരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. ഒ.പിയിൽ കാണിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പുതന്നെ കുട്ടി മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. രാത്രി കുട്ടിക്ക് അപസ്മാരമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

ആദിവാസി നഗറിൽനിന്ന് നിലമ്പൂരിലേക്കെത്താൻ ഇവർക്ക് സമയത്തിന് വാഹനം ലഭിച്ചിരുന്നില്ല. പലരെയും വിളിച്ചിട്ട് വന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പിന്നീട് കിട്ടിയ വാഹനത്തില്‍ അകമ്പാടത്ത് എത്തി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് അകമ്പാടത്തുനിന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിയത്.

റോഡ് വളരെ മോശമായതിനാൽ നഗറിലേക്ക് വരാൻ വാഹനങ്ങൾ മടിക്കാറുണ്ട്. ജനവാസ കേന്ദ്രമായ അകമ്പാടത്തുനിന്ന് ഉള്‍വനത്തിലുള്ള പാലക്കയത്തിലേക്ക് 12 കിലോമീറ്റര്‍ ദൂരമുണ്ട്. അകമ്പാടത്തുനിന്ന് പത്ത് കിലോമീറ്ററോളം നിലമ്പൂർ ജില്ല ആശുപത്രിയിലേക്കുമുണ്ട്.

വാഹനസൗകര്യത്തിലെ ബുദ്ധിമുട്ടും ആശുപത്രിയിലെത്തുന്നതിലെ താമസവുമാണ് സമയത്തിന് ചികിത്സ കിട്ടാതിരിക്കാൻ കാരണമായത്. സനോമിയയുടെ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ക്കും അസുഖമുണ്ടായിരുന്നു. പൊലീസ് നടപടികൾ പൂര്‍ത്തിയാക്കിയശേഷം മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സഹോദരങ്ങള്‍: അളക, അമിത്, സജിത്, അനഘ.

Show Full Article
TAGS:Obituary Doctor Consultation 
News Summary - Baby found dead in mother's arms while waiting to see doctor
Next Story