ബോഡി ബിൽഡിങ് താരങ്ങൾക്ക് വഴിവിട്ട് പൊലീസിൽ നിയമനം: സി.ഐ ആയി നിയമിക്കാനുള്ള തീരുമാനം കോടതി കയറുന്നു
text_fieldsതിരുവനന്തപുരം: ദേശീയ കായികതാരങ്ങൾ വരെ സർക്കാർ ജോലിക്കായി ‘മുട്ടിലിഴയു’മ്പോൾ കായിക ഇനമായി പോലും കണക്കാക്കാത്ത രണ്ട് ബോഡി ബിൽഡിങ് താരങ്ങൾക്ക് ഇൻസ്പെക്ടർ റാങ്കിൽ സൂപ്പർന്യൂമററി നിയമനം. ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ബറ്റാലിയനിൽ ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നാണ് മന്ത്രിസഭ തീരുമാനം. ബറ്റാലിയനിൽ അടുത്തുണ്ടാകുന്ന ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
ഫുട്ബാള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്‍റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഒട്ടേറെപ്പേര്‍ ജോലി കാത്ത് കഴിയുമ്പോഴാണ് ഈ പിൻവാതിൽ നിയമനം. കണ്ണൂർ സ്വദേശിയായ ഷിനോ ചൊവ്വ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇദ്ദേഹത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങളിലേക്കുള്ള സൂചനയാണ്. തങ്ങൾക്ക് അർഹമായ സ്ഥാനക്കയറ്റം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സായുധസേന സബ് ഇൻസ്പെക്ടർമാർ.
ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് നിയമനം. സ്പോർട്സ് േക്വാട്ട നിയമനത്തിന് പരിഗണിക്കുന്ന ഇനമല്ല ബോഡിബിൽഡിങ്ങെന്ന നിയമവും ലംഘിച്ചു. ഇൻസ്പെക്ടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് ഗെസറ്റഡ് റാങ്കായ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനം. ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ആഭ്യന്തരവകുപ്പ് ആദ്യം അറിയിച്ചത്. എന്നാൽ, മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ച് ചട്ടങ്ങളില്‍ ഇളവ് വരുത്തി നിയമിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവ് തിരുത്തി. കുടുംബ പശ്ചാത്തലം പരിഗണിച്ച് പ്രത്യേക കേസായി പരിഗണിക്കാമെന്ന വിചിത്ര ഉത്തരവോടെയാണ് നിയമനം.
ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂനിവേഴ്സാണ് കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശന്‍. ബോഡി ബില്‍ഡിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഷിനു ചൊവ്വ.