ഹാരിസിന്റെ ശേഖരത്തിൽ ആദ്യ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ
text_fieldsപുരാവസ്തു ശേഖരത്തിലെ
ബാലറ്റ് പെട്ടികളുമായി
ഹാരിസ് അങ്ങാടിപ്പുറം
പെരിന്തൽമണ്ണ: രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികൾ പുരാവസ്തു ശേഖരത്തിൽ സൂക്ഷിക്കുകയാണ് അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്കൂളിന് സമീപത്തെ പാതാരി ഹാരിസ്. 1951ലും 1960ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികളാണ് ഇവ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വരുന്നതിനു മുമ്പ് കടലാസിൽ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന രീതിയായിരുന്നു.
പാഴ്വസ്തുക്കളെടുക്കുന്ന പൊളിമാർക്കറ്റിൽനിന്നാണ് 1960ൽ ഉപയോഗിച്ച ബാലറ്റ് പെട്ടി കണ്ടെത്തിയതെന്ന് ഹാരിസ് പറയുന്നു. തമിഴ്നാട്ടിൽ പുരാവസ്തു പ്രദർശനത്തിന് പോയപ്പോൾ വിൽപനശാലയിൽനിന്ന് വാങ്ങിയതാണ് 1951ലേത്. 1951ലെ ബാലറ്റ് പെട്ടി താരതമ്യേന ചെറുതാണ്.
200 വരെ ബാലറ്റ് പേപ്പറുകൾ നിക്ഷേപിക്കാനുള്ള വലുപ്പമേയുള്ളൂ. അന്നത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960ൽ ഉപയോഗിച്ച ബാലറ്റ് പെട്ടിക്ക് എട്ട് കിലോ ഭാരമുണ്ട്. ആയിരത്തോളം ബാലറ്റ് പേപ്പറുകൾ നിക്ഷേപിക്കാം.