കേന്ദ്ര വാഴ്സിറ്റിയിൽ അധ്യാപക നിയമന നിരോധനം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണം. ഒഴിവുവന്ന തസ്തികകളിൽനിന്ന് ഗെസ്റ്റ് അധ്യാപകരെ പിരിച്ചുവിട്ടു. ഓരോ പഠനവകുപ്പിലും അധ്യാപകരുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം.
27 വകുപ്പുകളാണ് വാഴ്സിറ്റിയിലുള്ളത്. യു.ജി.സി മാനദണ്ഡമനുസരിച്ച് ഒരു ഡിപ്പാർട്മെന്റിൽ ഒരു പ്രഫസർ, നാല് അസി. പ്രഫസർ, രണ്ട് അസോസിയറ്റ് പ്രഫസർ എന്നിങ്ങനെ ഏഴ് ഫാക്കൽറ്റികളെയാണ് നിയമിക്കാവുന്നത്. രണ്ടുവർഷ ബിരുദാനന്തര കോഴ്സിൽ 40 വീതം കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് യു.ജി.സി ചട്ടം. രണ്ടു വർഷം കണക്കെടുക്കുമ്പോൾ 80 വിദ്യാർഥികളാണ് ഒരു അധ്യാപകന് ലഭിക്കുക.
ആഴ്ചയിൽ 16 മണിക്കൂറാണ് അധ്യാപനം. എന്നാൽ, ഒരു മണിക്കൂർ അധ്യാപനത്തിന് നാല് മണിക്കൂർ ഒരുക്കവും അനുവദിക്കുന്നുണ്ട്. പകുതിയോളം അധ്യാപകരെ കുറക്കുന്നതോടെ കേന്ദ്ര വാഴ്സിറ്റി വൻ പ്രതിസന്ധി നേരിടുമെന്നാണ് വകുപ്പ് തലവൻമാർ പറയുന്നത്. ഇതുസംബന്ധിച്ച് വകുപ്പുതലവന്മാരും അധ്യാപകരും നൽകിയ പരാതി വൈസ് ചാൻസലർ ഡോ. സിദ്ദു പി. അൽഗൂർ തള്ളുകയും ചെയ്തു.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഉള്ള അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന നിർദേശമാണ് നൽകിയതെന്നും പറയുന്നു. കേന്ദ്ര സർവകലാശാലകളിൽ കേരളത്തിൽ മാത്രമാണ് ഈ കടുംവെട്ടെന്ന് അധ്യാപകർ പറയുന്നു. ഇത് സർവകലാശാലയുടെ തന്നെ ഗുണനിലവാരം കുറക്കും.
നിലവിലുള്ള ഗെസ്റ്റ് ഫാക്കൽറ്റികളെ മാത്രമല്ല. ഇനി വാരാൻപോകുന്ന ഒഴിവുകൾ കൂടി നികത്താതിരിക്കുന്നതോടെ പിന്നാക്ക സംവരണവും അട്ടിമറിക്കപ്പെടുന്നുണ്ട് എന്നാണ് ആക്ഷേപം. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിന് യു.ജി.സി അനുവദിച്ചത് ഏഴ് അധ്യാപക തസ്തികകളാണ്. മൂന്നുപേർ മാത്രമാണ് പഠിപ്പിക്കാനുള്ളത്. ഇവിടെ നിയമിച്ചിരുന്ന ഗെസ്റ്റ് അധ്യാപകരെ പിരിച്ചുവിട്ടു.