പട്ടയഭൂമിയിൽ ക്വാറിക്ക് വിലക്ക്: ചട്ടഭേദഗതിക്ക് സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി
text_fieldsകൊച്ചി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടത്തിൽ ഭേദഗതിക്ക് നീക്കവുമായി സർക്കാർ. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ ഭൂപതിവുചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന് സർക്കാർ അടിയന്തരമായി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടി. എ.ജിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ റവന്യൂ, നിയമം, വ്യവസായ വകുപ്പുകൾ കൂടിയാലോചിച്ച് ചട്ടം ഭേദഗതിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 1964ലെ ഭൂപതിവുചട്ട പ്രകാരം പതിച്ചുനൽകിയ ഭൂമി കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ, വർഷങ്ങളായി പട്ടയഭൂമിയിൽ ക്വാറി പ്രവർത്തനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ പട്ടയഭൂമി കൃഷി, പാർപ്പിടം ആവശ്യങ്ങൾക്കല്ലാതെ വിനിയോഗിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് സുപ്രീം കോടതിയും ഇത് ശരിവെച്ചു.
നിലവിലെ ചട്ടപ്രകാരം മറ്റ് പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ കോടതികളിൽ സ്വീകരിച്ചത്. അതേസമയം, ചട്ട ഭേദഗതിക്ക് ഉദ്ദേശമുണ്ടെന്ന് സുപ്രീം കോടതിയിൽ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ പട്ടയഭൂമിയില്‍ വര്‍ഷങ്ങളായി പാറ പൊട്ടിക്കല്‍ നടക്കുന്നതായി ക്വാറി ഉടമകള്‍ അറിയിച്ചപ്പോൾ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ചട്ടങ്ങൾ അനുവദിക്കാതെ എങ്ങനെ ക്വാറി പ്രവർത്തനം നടത്താൻ കഴിയുമെന്ന് കോടതി ആരായുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും എന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. പട്ടയഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികളടക്കമുള്ളവയും മറ്റ് നിർമാണ പ്രവർത്തനങ്ങളും സാധുവാക്കി നൽകാൻ അധികാരം നൽകുംവിധം ചട്ടത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സർക്കാർ നിലപാട് നേരത്തേ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, ഇത് കാര്യമാക്കാതെയാണ് ഇപ്പോഴത്തെ നീക്കം. ഭേദഗതി ഏതൊക്കെ വ്യവസ്ഥകളിൽ കൊണ്ടുവരണമെന്നും എങ്ങനെ നടപ്പാക്കണമെന്നുമുള്ള കാര്യങ്ങളിലാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയത്. ഭേദഗതിക്ക് മുമ്പുള്ള നിയമലംഘനങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് പ്രധാന പ്രശ്നം. ഇക്കാര്യങ്ങളെല്ലാം വകുപ്പുകളുടെ കൂടിയാലോചനയിൽ വ്യക്തത വരുത്തി ഭേദഗതി കൊണ്ടുവരാനാണ് നീക്കം.