ബാങ്കുകാരെ കബളിപ്പിച്ച് 40 ലക്ഷം തട്ടിയ കേസ്; പ്രതി കുഴിച്ചിട്ട പണം കണ്ടെടുത്തു
text_fieldsഇസാഫ് ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം കുഴിച്ചിട്ടയിടത്തു നിന്ന് പൊലീസ് കണ്ടെടുക്കുന്നു
പന്തീരാങ്കാവ്: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം മാറ്റിവെക്കാൻ എന്ന പേരിൽ രാമനാട്ടുകര ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി മുങ്ങിയ കേസിലെ മുഴുവൻ തുകയും പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻ ലാലിന്റെ പന്തീരാങ്കാവിലെ വീടിന്റെ ഒരു കിലോമീറ്റർ ദൂരം മാറി പറമ്പിലാണ് 39 ലക്ഷത്തോളം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ജൂൺ 11ന് ഇസാഫ് ബാങ്ക് ജീവനക്കാർ 40 ലക്ഷത്തോളം രൂപയുമായി പന്തീരാങ്കാവിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് മുന്നിലെത്തിയപ്പോൾ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിപ്പറിച്ച് ഷിബിലാൽ മുങ്ങിയത്. ജൂൺ 13ന് പാലക്കാട് നിന്ന് തിരിച്ചു വരുമ്പോൾ പന്തീരാങ്കാവ് പോലീസ് ഷിബിനെ പിടികൂടിയിരുന്നു. എന്നാൽ ഇയാളിൽ നിന്ന് 55,000 രൂപ മാത്രമാണ് അന്ന് കണ്ടെടുക്കാനായത്. അത്ര തുക മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
രണ്ടുതവണ കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടും ഷിബിൻ കൂടുതൽ തുക ഉണ്ടായിരുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെ ഷിബിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ജു എന്ന കുട്ടാപ്പി എന്നിവരെ പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ചില നിർണായക വിവരങ്ങൾ ലഭിച്ചത്.
കഴിഞ്ഞദിവസം മൂന്നാമതും ഷിബിൻ ലാലിനെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വീടിന് ഒരു കിലോമീറ്റർ ദൂരത്തിൽ പണം കുഴിച്ചിട്ടതായി വിവരം ലഭിച്ചത്. ഫറോക്ക് എ.സി.പി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി കുഴിച്ചിട്ട പണം കണ്ടെടുത്തു.