എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ തിരുവല്ലയിൽ വീണ്ടും ബാനർ; ‘കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്’
text_fieldsതിരുവല്ല: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ. തിരുവല്ലയിലെ കാരയ്ക്കലിലെ 845-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഓഫിസിന് മുമ്പിലാണ് സുകുമാരൻ നായർക്കെതിരെ ബാഹുബലിയെ പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബാനർ പ്രത്യക്ഷപ്പെട്ടത്.
കരയോഗ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ ആണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി നിരീശ്വരവാദികൾക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നതാണ് ബാനറിൽ എഴുതിയിരിക്കുന്നത്.
തിരുവല്ലയിലെ തന്നെ പെരിങ്ങര 1110-ാം നമ്പർ കരയോഗത്തിന് മുമ്പിലും പെരിങ്ങരയുടെ വിവിധ ഭാഗങ്ങളിലുമായി ഞായറാഴ്ച പുലർച്ചയോടെ നാല് ബാനറുകൾ ഉയർന്നിരുന്നു.
സുകുമാരൻ നായർക്കെതിരെ ഞായറാഴ്ച ആലപ്പുഴയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിനു വേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്. കുട്ടനാട്ടിൽ മങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻ നായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്.എസ് കരയോഗം പ്രമേയം പാസാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറിയെന്നാണ് ളാക്കൂർ എൻ.എസ്.എസ് കരയോഗം കെട്ടിടത്തിന് സമീപത്ത് പ്രത്യക്ഷപ്പെട്ട ബാനറിലെ പരാമർശം.
സുകുമാരൻ നായർ സമുദായത്തിന് നാണക്കേടെന്നും ബാനറിൽ പരിഹസിക്കുന്നുണ്ട്. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെട്ടിപ്പുറം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് മുന്നിലും ഇതേ വാചകങ്ങളോടെ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, ശനിയാഴ്ച പെരുന്നയിലെ ആസ്ഥാനത്ത് എൻ.എസ്.എസ് പരമാധികാര സഭയുടെ പൊതുയോഗത്തിൽ സർക്കാറിന് അനുകൂല നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം സുകുമാരൻ നായർ വ്യക്തമാക്കി. സമുദായ പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന സുകുമാരൻ നായരുടെ ആഹ്വാനത്തെ ഡയറക്ടർ ബോർഡംഗങ്ങളും പ്രതിനിധി സഭാംഗങ്ങളും ഐക്യകണ്ഠേന പിന്തുണക്കുകയും ചെയ്തു.
സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ സ്വീകരിച്ച നിലപാട് പിന്തുടരുകയാണ് നായർ സർവീസ് സൊസൈറ്റി ചെയ്യുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. ആചാരവും അനുഷ്ഠാനവും സംരക്ഷിച്ചു കൊണ്ട് ശബരിമലയിൽ വികസനം നടത്തുന്നതിന് സർക്കാർ സമ്മേളനം വിളിച്ചതിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.