ഇന്ന് പൂക്കോട്ടൂർ യുദ്ധ വാർഷികദിനം: ആ നകാര വീണ്ടും മുഴങ്ങും;യുദ്ധസ്മരണകളുടെ ചരിത്രവും പേറി
text_fieldsനകാര കേടുപാടുകൾ തീർക്കുന്നതിനുമുമ്പും ശേഷവും
മലപ്പുറം: സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ധീരസ്മരണകളുമായി പൂക്കോട്ടൂർ പള്ളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽനിന്ന് ആ നകാരശബ്ദം വീണ്ടും മുഴങ്ങും. ബ്രിട്ടീഷുകാർക്ക് കനത്ത നാശം വിതച്ച ഐതിഹാസിക പോരാട്ടമായ, പൂക്കോട്ടൂർ യുദ്ധത്തിന്റെ ഉജ്ജ്വല പ്രതീകമായ ഈ വാദ്യം വരുംതലമുറക്കും ചരിത്രാന്വേഷകർക്കും ഉപകാരപ്പെടുംവിധം സംരക്ഷിക്കുകയാണ് പള്ളി പരിപാലന കമ്മിറ്റി. പണ്ടുകാലത്ത് ബാങ്കിന്റെ സമയമറിയിക്കാനും മറ്റും പള്ളികളിൽ നകാര ഉപയോഗിക്കാറുണ്ടായിരുന്നു.
പൂക്കോട്ടൂർ യുദ്ധവേളയിൽ പള്ളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽനിന്ന് നകാര കൊട്ടിയാണ് വിപ്ലവനേതാക്കൾ സമരകാഹളം മുഴക്കിയിരുന്നത്. പള്ളിമുറ്റത്തെ ഈന്തപ്പനയുടെ വടികൊണ്ടുള്ള നകാരയടി കിലോമീറ്ററുകൾക്കപ്പുറവും കേൾക്കാമായിരുന്നുവെന്ന് പൂക്കോട്ടൂരിലെ പഴമക്കാർ പറയുന്നു. ഇങ്ങനെ യുദ്ധത്തിന് തലേന്നാൾ പള്ളിക്കു മുന്നിൽ അഞ്ഞൂറോളം സമരഭടർ സംഗമിക്കുകയും ഇവർക്ക് അന്നത്തെ ഖാദി ഒറ്റകത്ത് മങ്കരത്തൊടി അഹമ്മദ് മുസ്ലിയാർ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ധാർമികവശങ്ങളിൽ ഉദ്ബോധനം നൽകുകയും ചെയ്തിരുന്നു.
മക്കനയിട്ട മാപ്പിളപ്പെണ്ണുങ്ങൾ വയലിന് ഇരുകരയിലും തടിച്ചുകൂടിയിരുന്നതായും അവരുടെ ഒരു കൈയിൽ തസ്ബീഹ് മാലയും മറുകൈയിൽ ശത്രുവിനെ നേരിടാനുള്ള വടിയും ഉണ്ടായിരുന്നതായും യുദ്ധസാഹചര്യങ്ങൾ വിവരിച്ച് ആക്ടിങ് ഇൻസ്പെക്ടർ നാരായണ മേനോൻ ജില്ല പൊലീസ് സൂപ്രണ്ടിന് അയച്ച കത്തിലുണ്ട്.
1921 ആഗസ്റ്റ് 26ന് പൂക്കോട്ടൂരിനും പിലാക്കലിനുമിടയിലുള്ള ഭാഗത്താണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട ബ്രിട്ടീഷ് സൈനിക വ്യൂഹത്തെ വടക്കുവീട്ടിൽ മമ്മദിന്റെ നേതൃത്വത്തിലുള്ള പോരാളികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട യുദ്ധത്തിൽ 250ഓളം പോരാളികൾ രക്തസാക്ഷിത്വം വരിച്ചു. അധിനിവേശ പക്ഷത്തുനിന്ന് 70ഓളം പേരെ കാണാതായി.
സേന ഉപനായകൻ ഗത്ബർട്ട് ബക്സ്റ്റൺ ലങ്കസ്റ്റർ യുദ്ധം കഴിഞ്ഞ് മടങ്ങവെ ഗറില ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാലപ്പഴക്കത്താൽ, തോൽ പൊട്ടിയും മറ്റും ദ്രവിച്ച ഈ നകാര പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കേടുപാടുകൾ തീർത്ത് സംരക്ഷിച്ചിട്ടുണ്ട്. പൂക്കോട്ടൂർ സ്വദേശിയും തബല വാദ്യക്കാരനുമായ അബ്ദുൽ ഗഫൂറിനായിരുന്നു ആ നിയോഗം. തോലും ചാട്ടിയും ബാറുമെല്ലാം ഗഫൂർ മാറ്റി.
പനയുടെ മുരട് ഭാഗം മുതലുള്ള തടികൊണ്ടാണ് നകാരയുണ്ടാക്കുന്നത്. പോളിഷ് ചെയ്തത് ഒഴിച്ചാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നകാരയുടെ തടിഭാഗം അതേപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. നകാര അടുത്ത ദിവസങ്ങളിൽ പള്ളിയുടെ മുൻഭാഗത്തുതന്നെ സ്ഥാപിക്കുമെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ് കൊല്ലപ്പറമ്പൻ ഹംസ പറഞ്ഞു.


