മർദനം: നീതിതേടി യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsപ്രതിഷേധസമരത്തിനിടെ ബിലാലിന് പൊലീസ് മർദനമേൽക്കുന്നു (ഫയൽ ഫോട്ടോ)
തൊടുപുഴ: പൊലീസ് മർദനത്തിൽ ഇടതുകണ്ണിന് ഭാഗികമായി കാഴ്ച നഷ്ടമായ യൂത്ത് കോൺഗ്രസ് നേതാവ് നീതിതേടി അലയുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ബിലാൽ സമദാണ് മർദനത്തിനിരയായത്. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ഡി. അജിനെതിരെ ഒരുമാസത്തിനകം കർശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് വന്നിട്ട് മാസം അഞ്ച് പിന്നിട്ടു. കഴിഞ്ഞ മാർച്ച് 20ന് വന്ന ഉത്തരവിൽ ഇതുവരെയും നടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.
2022 ജൂൺ 14നാണ് ബിലാലിന്റെ ജീവിതത്തിൽ കറുത്ത ദിനമായി മാറിയത്. ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യുവിനെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടാകുകയായിരുന്നു. അന്ന് യൂത്ത്കോൺഗ്രസ് ജില്ല സെക്രട്ടറിയായിരുന്ന ബിലാലിന്റെ കണ്ണിനും തലക്കുമാണ് ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരനായ അജിൻ ലാത്തികൊണ്ട് അടിച്ചത്.
ഒരുവർഷത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് ഇടതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി വീണ്ടെടുത്തത്. കൺപോളയിൽ സർജറി നടത്തിയതിനൊപ്പം റെറ്റിനയിൽ സർജറി നടത്തി ലെൻസ് മാറ്റുകയും ചെയ്തു. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ലാത്തിച്ചാർജിൽ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് തനിക്കെതിരെ പൊലീസ് മർദനമുണ്ടായതെന്നാണ് ബിലാൽ പറയുന്നത്. നീതി ലഭിക്കുംവരെ പോരാട്ടം തുടരാനാണ് ഈ യുവാവിന്റെ തീരുമാനം.