സി.ബി.ഐ ഡയറക്ടറുടെ നിയമനപട്ടികയിൽ ബെഹ്റയും
text_fieldsകോട്ടയം: അടുത്തമാസം വിരമിക്കാനിരിക്കെ, പുതിയ സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിനുള്ള അന്തിമ പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും. 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ഡയറക്ടറെ തെരഞ്ഞെടുക്കും. ബെഹ്റക്ക് പുറമെ സി.ബി.ഐ താൽക്കാലിക ഡയറക്ടർ പ്രവീൺ സിൻഹയും എൻ.ഐ.എ മേധാവി വൈ.സി. മോദിയുമടക്കം ആറുപേരാണ് പട്ടികയിൽ.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടക്കം വിവിധ കാരണങ്ങളാൽ പലതവണ മാറ്റിവെച്ച ഉന്നതതല യോഗമാണ് 24 ന് തീരുമാനിച്ചിട്ടുള്ളത്. 1985 ബാച്ച് കേരള കാഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബെഹ്റ. നേരേത്ത സി.ബി.ഐയിലും എൻ.െഎ.എയിലും പ്രവർത്തിച്ചിരുന്നു. സി.ബി.ഐ ജോയൻറ് ഡയറക്ടറായിരുന്നു. കേരളത്തിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച ബെഹ്റ ജൂൺ 30ന് സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തുനിന്ന് വിരമിക്കും.
ഋഷികുമാർ ശുക്ല വിരമിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി മുതൽ സി.ബി.ഐ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സി.ബി.ഐ ഡയറക്ടർ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ സിയാൽ എം.ഡി സ്ഥാനത്തേക്കും ബെഹ്റയെ സർക്കാർ പരിഗണിച്ചേക്കും. അതിനിടെ, പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ 12 പേരുടെ പട്ടികയും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഡി.ജി.പി നിയമന നടപടികൾ അന്തിമഘട്ടത്തിലായതോടെ സീനിയർ ഉദ്യോഗസ്ഥ തലത്തിൽ ചേരിപ്പോരും രൂക്ഷമായിട്ടുണ്ട്.