ബേപ്പൂർ-കരുവൻതിരുത്തി പാലം; അനിശ്ചിതത്വം തുടരുന്നു
text_fieldsചാലിയാറിന് കുറുകെ ബേപ്പൂരിനേയും ഫറോക്ക് കരുവൻതിരുത്തിയേയും ബന്ധപ്പെടുത്തി നിർമ്മിക്കാനുദ്ദേശിക്കുന്ന ‘എക്സ്ട്രാഡോസ്ഡ്’ പാലത്തിന്റെ മാതൃക
ബേപ്പൂർ: മലബാറിലെ റോഡ് ഗതാഗത രംഗത്ത് വൻ കുതിപ്പാകുമെന്ന് കൊട്ടിഘോഷിച്ച ബേപ്പൂർ-കരുവൻതിരുത്തി പാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
തീരദേശ ഹൈവേയുടെ ഭാഗമായി ബേപ്പൂരിനെയും ഫറോക്ക് -കരുവൻതിരുത്തിയെയും കൂട്ടിയിണക്കി ചാലിയാറിന് കുറുകെ പുതിയ പാലം നിർമിക്കാനുള്ള പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. ദേശീയപാത അതോറിറ്റി വർഷങ്ങൾക്കു മുമ്പ് ആലോചിക്കുകയും പ്രാഥമിക പഠനങ്ങൾക്കുശേഷം ഏറെ സങ്കീർണതകൾ മുന്നിൽ കണ്ട് ഉപേക്ഷിക്കുകയും ചെയ്ത പദ്ധതി, ആധുനിക സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
വികസനത്തിന് തയാറെടുക്കുന്ന ബേപ്പൂർ തുറമുഖവും ഫിഷിങ് ഹാർബറും ഒന്നിച്ച് സ്ഥിതിചെയ്യുന്നതിനാൽ പുലിമുട്ട് കടൽത്തീരത്തിനു സമീപം അഴിമുഖത്തോട് ചേർന്ന് പാലം നിർമാണം ശ്രമകരമാണെന്ന് നേരത്തേ കണ്ടെത്തിയതാണ്. 'കപ്പൽചാൽ' കടന്നുപോകുന്നതിനാൽ പുഴക്ക് കുറുകെ പാലം നിർമാണം സാധ്യമല്ല. അതുകൊണ്ട് കപ്പലുകളുടെയും മത്സ്യബന്ധന യാനങ്ങളുടെയും സഞ്ചാരപാതക്ക് തടസ്സം വരാത്ത രൂപത്തിൽ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയ 'എക്സ്ട്രാ ഡോസ്ഡ്' പാലമാണ് സർക്കാർ പ്രഖ്യാപിച്ചത്. ബേപ്പൂർ-ചെറുവണ്ണൂർ റോഡിൽ (ബി.സി റോഡ്) കക്കാടത്ത് ഭാഗത്ത് നേരത്തേയുണ്ടായിരുന്ന കോർപറേഷൻ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി ഇപ്പോൾ 'ബഷീർ മ്യൂസിയം' നിർമിക്കുന്ന സ്ഥലത്തിന്റെയും സർക്കാർ മൃഗാശുപത്രിയുടെയും മധ്യത്തിലൂടെയാണ് പുതിയ പാലത്തിന്റെ നിർമാണം നിശ്ചയിച്ചത്. പദ്ധതി പ്രദേശത്ത് 2018 സെപ്റ്റംബറിൽ ദേശീയപാത അധികൃതർ 'ടോപോഗ്രഫിക്കൽ സർവേ' നടത്തുകയും മേഖലയിലെ മണ്ണ്, ജലത്തിന്റെ പരിശോധന, നദിയുടെ ആഴവും വീതിയും, കരയിൽനിന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ അലൈൻമെൻറ്, ഏറ്റെടുക്കേണ്ടിവരുന്ന ഭൂമി തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന് സ്പാനുകളുടെ നീളം കൂട്ടി, പുഴയിൽ സ്ഥാപിക്കുന്ന തൂണുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടാണ് നിർമാണം. പാലത്തിന് 200 കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവ് കണക്കാക്കിയത്.
ഭൂമി ഏറ്റെടുക്കലും ഉടമകൾക്ക് പ്രതിഫലം നൽകലും എളുപ്പത്തിൽ പൂർത്തിയാക്കാമെന്നതിനാൽ, നേരത്തേ കിഫ്ബിയുടെ ധനസഹായത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. തീരദേശ പാതയുടെ ഭാഗമായി കടന്നുപോകുന്ന പാലമായതിനാൽ, പിന്നീട് കേന്ദ്രാവിഷ്കൃത പദ്ധതിയായ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി. ഫറോക്ക് കരുവൻതിരുത്തി റോഡിൽനിന്ന് 350 മീറ്ററും ബേപ്പൂർ ബി.സി റോഡിൽനിന്ന് 130 മീറ്ററുമാണ് പാലത്തിന്റെ ഇരുകരയിലുമായി സ്വകാര്യഭൂമി ഏറ്റെടുക്കുന്നത്. മഠത്തിൽ പാടത്ത് എട്ടും ബേപ്പൂർ കക്കാടത്ത് ഭാഗത്ത് രണ്ടു വീടുകളും 12 കച്ചവട സ്ഥാപനങ്ങളും ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടും.
വിശദ പദ്ധതിരേഖയിൽ നിർമാണം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തതോടെ ദേശീയപാത അതോറിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതോടെ ഏതു പദ്ധതിയിൽ നടപ്പാക്കുമെന്നതു സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. പാലം നിർമാണം സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിപ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയം രജിസ്ട്രേഷൻ വകുപ്പ് തടഞ്ഞിട്ടുണ്ട്. ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാനോ സ്വത്ത് ഭാഗംവെക്കാനോ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബങ്ങൾ. പാലം അപ്രോച്ച് റോഡ് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ നടപടികൾ പെട്ടെന്നു പൂർത്തീകരിച്ചു നഷ്ടപരിഹാരം അനുവദിക്കണമെന്നും അല്ലെങ്കിൽ വിജ്ഞാപനം പിൻവലിച്ചു ക്രയവിക്രയത്തിന് അനുമതി നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.