Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ ഹൃദയം ഇനി 13കാരിയിൽ...

ആ ഹൃദയം ഇനി 13കാരിയിൽ മിടിക്കും; ബിൽജിത്ത് പുതുജീവനേകുന്നത് ആറ് പേർക്ക്

text_fields
bookmark_border
ആ ഹൃദയം ഇനി 13കാരിയിൽ മിടിക്കും; ബിൽജിത്ത് പുതുജീവനേകുന്നത് ആറ് പേർക്ക്
cancel

അങ്കമാലി: പ്രതീക്ഷയുടെ പുതുജീവനായി ഇനി ഏഴാളുകളിൽ ബിൽജിത്തിന്റെ ജീവൻ തുടിക്കും. വാഹന അപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച കാലടി ആദിശങ്കര കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പാറക്കടവ് മള്ളുശ്ശേരി പാലമറ്റത്ത് ബിജു -ലിന്‍റ ദമ്പതികളുടെ മകൻ ബിൽജിത്തിന്‍റെ (18) അവയവങ്ങളാണ് ആറ് പേർക്ക് പകത്തു നൽകുന്നത്.

ഹൃദയം, വൃക്കകൾ, കരകളുകൾ, കണ്ണുകൾ, ചെറുകുടൽ എന്നിവയാണ് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ അതിസൂക്ഷ്മ ശസ്ത്രകൃയയിലൂടെ ശനിയാഴ്ച പുലർച്ചയോടെ നീക്കം ചെയ്ത് അനുയോജ്യമായവർക്ക് പകർന്ന് നൽകാൻ നടപടി സ്വീകരിച്ചത്.

മകന്‍റെ അകാല വേർപ്പാടിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചതോടെ കഴിഞ്ഞ ഒന്നര ആഴ്ചയോളമായി എൽ.എഫ് ആശുപത്രിയിലും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും, സജ്ജീകരണങ്ങളും പൂർത്തിയാക്കി വരുകയായിരുന്നു.

അനുയോജ്യമായ ഹൃദയം കിട്ടാൻ മൂന്നു വർഷമായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം അഞ്ചൽ സ്വദേശിനിയായ 13കാരിക്കാകും ഹൃദയം പകത്തു നൽകുക. എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരിക്കും തിരുവനന്തപുരം സ്വദേശിക്ക് കരളും, ചെറുകുടലും നൽകുക. വൃക്കകളിൽ ഒരെണ്ണം ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന രോഗിക്കും, മറ്റൊന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ രോഗിക്കും നൽകും.

നേത്ര പടലത്തിന്റെ തകരാറുള്ള രണ്ടു പേർക്ക് ശനിയാഴ്ച രാവിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയിൽ കണ്ണുകൾ പകർന്ന് നൽകും. ഡോക്ടർമാരായ ജോസ് ചാക്കോ പെരിയപുരം, ജോ ജോസഫ്, രാമചന്ദ്രൻ, ഫുഹാൻ, ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോക്ടർമാരായ റഫീഖ്, ജൈജു ജയിംസ് ചാക്കോള, സ്റ്റിജി ജോസഫ്, എന്നിവരുടെ നേതൃത്വത്തിലാണ് അവയവങ്ങൾ എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചത്.

ഈ മാസം രണ്ടിന് രാത്രി 8.30ഓടെ ദേശീയപാത കരിയാട് സിഗ്നലിന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് മീഡിയനിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ തലക്ക് സാരമായ പരുക്കേറ്റ് റോഡരികിൽ കിടന്ന ബിൽജിത്തിനെ വഴിയാത്രക്കാരാണ് അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചത്. മസ്തിഷ്ക്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചതോടെ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി. ജി. ജോസഫ്, ന്യൂറോ സർജൻ ഡോ. അജാസ് ജോൺ, നെഫ്രോളജി ഡോ. ജൈജു ജയിംസ് ചാക്കോള എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ക്ലിനിക് മീറ്റിങ് ചേർന്ന് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കേരള സർക്കാറിന് കീഴിലെ കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ.സോട്ടോ) ഡയറക്ടർ നോവിലുമായി ബന്ധപ്പെട്ട് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നടപടികൾ ആരംഭിക്കുകയായിരുന്നു.

തുടർന്ന് കേസോട്ടയുടെ പ്രതിനിധികൾ എൽ.എഫ് ആശുപത്രിയിലെത്തുകയും ബിൽജിത്തിന്റെ ഹൃദയവും, കരളും, വൃക്കകളും, ചെറുകുടലും, കണ്ണുകളും പുതുജീവനേകുമെന്ന് മനസ്സിലാക്കുകയും, ഹൃദയം ലിസി ആശുപത്രിയിലേയും, ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേയും, മറ്റൊരു വൃക്ക ആലുവ രാജഗിരി, ആശുപത്രിയിലേയും, കരൾ അമൃത ആശുപത്രിയിലേയും, കണ്ണുകൾ ലിറ്റിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേയും രോഗികൾക്ക് നൽകാൻ തീരുമാനിക്കുകയും, അപ്രകാരം പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ എൽ.എഫ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ കഴിഞ്ഞ ബിൽജിത്തിനെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയത്.

ഈ സമയം മുതൽ ഹൃദയവും, വൃക്കകളും, കരളും, സ്വീകരിക്കാനുള്ളവരെ ലിസി, അമൃത, രാജഗിരി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നീ ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകളിൽ തയാറാക്കി നിർത്തിയിരുന്നു. ഹൃദയവുമായി പുലർച്ചെ 1.15ഓടെയാണ് ലിസി ആശുപത്രിയിലെത്തിയത്.

Show Full Article
TAGS:organ transplantation Latest News Kerala News Health News organ donation 
News Summary - Biljith Gives New Life to Six People
Next Story