വെള്ളപ്പാച്ചിലിൽ വീണ മൂന്നു ജീവനുകൾക്ക് രക്ഷകനായി ബിനോയി
text_fieldsബിനോയ് ടി. കുര്യാക്കോസ്, അപകടത്തിൽപ്പെട്ട മിനിയും മകൾ ബെയാനയും മകൻ ജോഹനും
ഏറ്റുമാനൂർ: വെള്ളപ്പാച്ചിലിൽ വീണ രണ്ടര വയസ്സുകാരനെയും അമ്മയെയും മുത്തശ്ശിയെയും യുവാവ് രക്ഷപ്പെടുത്തി. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന (26), ബെയാനയുടെ മകൻ ജോഹാൻ ജോബി (രണ്ടര വയസ്സ്) എന്നിവരാണ് കഴിഞ്ഞ ദിവസം മഴയെ തുടർന്ന് വെള്ളം നിറഞ്ഞൊഴുകിയ ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപത്തെ പെണ്ണാർ തോട്ടിൽ വീണത്. തുടർന്ന് നാട്ടുകാരുടെ ബഹളംകേട്ട് ഓടിയെത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരംചിറ ബിനോയി ടി. കുര്യാക്കോസാണ് മൂവരെയും രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പാസ്റ്റർ രാജീവും കുടുംബവും ആർപ്പൂക്കരയിൽ പ്രാർഥനക്ക് എത്തിയതായിരുന്നു.പ്രാർഥന കഴിഞ്ഞ് രാജീവ് പ്രാർഥനക്കെത്തിയവരെ ഓട്ടോയിൽ വീട്ടിൽ കൊണ്ടുപോകാൻ പോയി. ഈ സമയം ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം മിനിയും ബെയാനയും ജോഹാനും നിൽക്കുകയായിരുന്നു.
ജോഹാൻ ഈ സമയം പെണ്ണാർ തോട്ടിലേക്ക് വീണു. ഇത് കണ്ട ബെയാന കുഞ്ഞിനെ രക്ഷപ്പെടുത്താൻ തോട്ടിലേക്ക് ചാടി. പുറകെ മിനിയും തോട്ടിലേക്ക് ചാടുകയായിരുന്നു. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീകൾ അലമുറയിട്ട് കരഞ്ഞു. ഈ സമയം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ബിനോയി ഓടിയെത്തി തോട്ടിലേക്ക് ചാടി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബെയാന ഒഴുക്കിൽപ്പെട്ട് ഏറെദൂരം ഒഴുകിപ്പോയിരുന്നു. എന്നാൽ, ബിനോയി നീന്തി ബെയാനയെയും രക്ഷപ്പെടുത്തി. ബിനോയുടെ സമയോചിതമായ ഇടപെടലാണ് മൂന്നു ജീവനുകൾ രക്ഷിച്ചത്.


