കെ.ഇ. ഇസ്മയിലിന് കമ്യൂണിസ്റ്റ് വേദിയിലിരിക്കാൻ യോഗ്യതയില്ലെന്ന് ബിനോയ്
text_fieldsആലപ്പുഴ: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ നിലപാടുകൾ പാർട്ടിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്നും കമ്യൂണിസ്റ്റ് വേദിയിലിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും സി.പി.ഐ പ്രവർത്തന റിപ്പോർട്ടിലെ ചർച്ചക്കുള്ള മറുപടിയിൽ സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ‘‘ഉയർന്ന കമ്മിറ്റികളിൽനിന്ന് പുറത്തുപോയതോടെ അദ്ദേഹം പാർട്ടിയുടെ പിന്നാലെ നടന്ന് പ്രയാസം സൃഷ്ടിക്കുകയാണ്. കമ്മിറ്റികളിൽനിന്നൊഴിവായ പന്ന്യൻ രവീന്ദ്രനും സി. ദിവാകരനും അത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നില്ല.
തീർത്തും നിരുത്തരവാദപരമായ തരത്തിലാണ് മാധ്യമങ്ങളോടടക്കം ഇസ്മയിൽ പാർട്ടിക്കെതിരെ സംസാരിക്കുന്നത്. താനുണ്ടാക്കിയ പാർട്ടി എന്നുപറയുന്ന അദ്ദേഹം, ഒപ്പമുള്ളവരെപ്പോലും ഓർക്കുന്നില്ല. ഞാൻ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾതന്നെ അദ്ദേഹത്തെ പോയി കണ്ട് ചർച്ച നടത്തി അനുനയ നീക്കം നടത്തിയിരുന്നു. എന്നാൽ, അദ്ദേഹം വഴങ്ങിയില്ല. മാത്രവുമല്ല, വീണ്ടും പാർട്ടിക്കെതിരെ പ്രകോപനപരമായ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്’’ -ബിനോയ് പറഞ്ഞു.
കെ.ഇ. ഇസ്മയിൽ പാർട്ടിയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹത്തിനെതിരായ അച്ചടക്കനടപടി നേരത്തേ വേണമായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. അതേസമയം കെ.ഇ. ഇസ്മയിൽ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് ആലപ്പുഴ ബീച്ചിലെത്തി.