മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിൻറെ തുറന്നു പറച്ചിൽ; സി.പി.ഐ നിലപാടിൽ സി.പി.എമ്മിന് കടുത്ത അമർഷം
text_fieldsതിരുവനന്തപുരം: മാസപ്പടി കേസ് ഇടതുമുന്നണിയുടെ കേസല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തുറന്നുപറച്ചിലിൽ സി.പി.എമ്മിന് കടുത്ത അമർഷം. കേന്ദ്ര എജൻസികളുടെ നീക്കം രാഷ്ട്രീയം പ്രേരിതമാണെന്ന ഇടതുമുന്നണിയുടെ പൊതുനിലപാടിന്റെ മുനയൊടിക്കുന്ന സമീപനമാണ് ബിനോയ് വിശ്വത്തിൽനിന്ന് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുഖ്യമന്ത്രിയെയും മുന്നണിയെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആസൂത്രണമാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രമെന്ന സി.പി.എം പ്രതിരോധത്തെയാണ് സി.പി.ഐയുടെ അപ്രതീക്ഷിത നിലപാട് ദുർബലപ്പെടുത്തിയത്. കേസ് രാഷ്ട്രീയമായി നേരിടുമെന്ന പ്രഖ്യാപനം മുന്നണിക്കുള്ളിൽ തന്നെ ഇതോടെ പരാജയപ്പെടുക കൂടിയാണ്. ‘കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി കേസിനെ ഉപയോഗിക്കാൻ ശ്രമിച്ചാൽ ‘അപ്പോൾ’ രാഷ്ട്രീയമായി നേരിടാമെന്ന’ സി.പി.ഐ നിലപാട് ശരിക്കും സി.പി.എമ്മിനെ വെട്ടിലാക്കി. ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താനാകാത്ത വാദം എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന ചോദ്യവും സി.പി.എമ്മിന് മുന്നിൽ ഉയരുകയാണ്.
വീണയുടെ കേസിന്റെ കാര്യമോർത്ത് ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ടേന്നും പ്രതിപക്ഷത്തിന്റെ കാര്യങ്ങൾ പറയുന്നതിന് പ്രതിപക്ഷ നേതാവ് ഉണ്ടെന്നും വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയതും സി.പി.എമ്മിൽ പുകയുന്ന രോഷത്തിന്റെ നേർ പ്രതിഫലനമാണ്. ബിനോയ് വിശ്വം പ്രതിപക്ഷനേതാവാകേണ്ടെന്ന ശക്തമായ താക്കീത് കൂടിയാണ് ശിവൻകുട്ടി മുന്നോട്ടുവെച്ചത്. ഒരു മന്ത്രി ഘടകക്ഷിനേതാവിന്റെ പേര് പരസ്യമായി പറഞ്ഞ് നിലപാട് തള്ളുക എന്നത് അസാധാരണ സാഹചര്യമാണ്. സമീപകാലത്ത് ഇതാദ്യവുമാണ്.
ബിനോയ് വിശ്വത്തിന്റെ അഭിപ്രായം വ്യക്തിപരമല്ലെന്നും സി.പി.ഐയുടെ പൊതുതീരുമാനത്തിന്റെ ഭാഗമാണെന്നുമാണ് സി.പി.എം കരുതുന്നത്. കഴിഞ്ഞ അഞ്ചിന് തൃശൂരിൽ നടന്ന കൺവെൻഷനിൽ ‘മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആര് ശ്രമിച്ചാലും രാഷ്ട്രീയമായി സംരക്ഷിക്കാൻ സി.പി.ഐ ഉണ്ടാകുമെന്ന്’ സംശയമില്ലാതെ പ്രഖ്യാപിച്ച ബിനോയ് വിശ്വം, എക്സിക്യൂട്ടിവ്-കൗൺസിൽ യോഗങ്ങൾക്ക് ശേഷം മലക്കംമറിയുകയായിരുന്നു. പാർട്ടിയിലുയർന്ന കനത്ത വിമർശനമാണ് നിലപാട് മാറ്റത്തിന് കാരണം. കുടുംബാംഗത്തിനെതിരായ കേസിൽ എന്തിനാണ് ഇങ്ങനെയൊരു നിലപാടെന്ന് പല അംഗങ്ങളും വിമർശനമായി നേതൃയോഗങ്ങളിൽ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ഒരു സംരംഭക എന്ന നിലയിൽ തുടങ്ങിയ കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ എങ്ങനെയാണ് പാർട്ടിയും മുന്നണിയും പക്ഷംപിടിക്കുന്നതെന്നും ചോദ്യമുയർന്നു. ഇതടക്കം പാർട്ടിയിലെ കനത്ത സമ്മർദമാണ് നിലപാട് തിരുത്താൻ ബിനോയിക്ക് പ്രേരണയായത്.
മാസപ്പടി കേസിൽ ബിനോയ് വിശ്വം ഏപ്രിൽ അഞ്ചിന് തൃശൂരിൽ പറഞ്ഞത്..
എൽ.ഡി.എഫിനെ നയിക്കുന്ന മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആര് ശ്രമിച്ചാലും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകും. അത് ശരിയായ രാഷ്ട്രീയമാണെന്ന് സി.പി.ഐക്ക് അറിയാം. കമ്പനികൾ തമ്മിലുള്ള സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ സി.പി.ഐയുടെ വിഷയമല്ല. പക്ഷേ അതിന്റെ പേരിൽ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിച്ച് ദുർബലമാക്കാം എന്നത് വ്യാമോഹമാണ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കില്ല. മന്നണിയെ നയിക്കുന്ന നേതാവിന്റെ പേര് ‘പിണറായി വിജയൻ’ എന്ന് തന്നെ യാണ്. അദ്ദേഹത്തിന്റെ പ്രാധാന്യം സി.പി.ഐക്ക് അറിയാം..
ഏപ്രിൽ 11 ന് തിരുവനന്തപുരത്ത് പറഞ്ഞത്
ഇത് എൽ.ഡി.എഫിന്റെ കേസല്ല. അന്വേഷണ ഏജൻസി കേസ് രാഷ്ട്രീയപ്രേരിത നീക്കമായി മാറ്റാൻ ശ്രമിച്ചാൽ അപ്പോൾ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ല. കേസിലെ തെറ്റും ശരിയുമെല്ലാം കമ്പനി നിയമപ്രകാരം തീരുമാനിക്കപ്പെടണം...
വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട- വി. ശിവൻകുട്ടി
തിരുവനന്തപുരം: മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. വീണയുടെ കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ഒരു ആവശ്യവുമില്ലെന്നും ആ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബിനോയ് വ്യത്യസ്ത നിലപാട് പറഞ്ഞത് എന്നറിയില്ല. അങ്ങനെ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ പറയേണ്ടിയിരുന്നത് മുന്നണി യോഗത്തിലാണ്. മാത്രമല്ല ‘പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻറ് ’എന്ന് പറയാൻ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടെത്തൽ.
ഇടതുമുന്നണിയുടെ നേതാവായ പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻറ് എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അങ്ങനെ തന്നെയാണ് കാബിനറ്റ് അജണ്ടയിലും അടിച്ചുവരുന്നത്. ഇനി ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും ബിനോയ് നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ എന്നാവും പറയാനാവുക. അതിലൊന്നും അസൂയയുടെയും കുശുമ്പിന്റെയും കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
താനും ശിവൻകുട്ടിയും പറഞ്ഞത് ഒരേകാര്യം -ബിനോയ് വിശ്വം
തിരുവനന്തപുരം: താനും ശിവന്‍കുട്ടിയും പറഞ്ഞത് ഒരേ കാര്യമാണെന്നും തനിക്ക് ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വീണയ്ക്ക് തന്റെ പിന്തുണ ആവശ്യമില്ല. തങ്ങള്‍ മുഖ്യമന്ത്രിയുടെ കൂടെത്തന്നെ ആയിരിക്കും. മുന്നണിക്കെതിരെ രാഷ്ട്രീയമായ ആക്രമണത്തിന് ആര് വന്നാലും തങ്ങള്‍ രാഷ്ട്രീയമായി നേരിടും. വീണ വേറൊരു സ്വതന്ത്രവ്യക്തിയാണ്. വ്യവസായം നടത്താനും കേസ് വന്നാല്‍ നേരിടാനുമുള്ള കെല്പ് അവര്‍ക്കുണ്ട്. അവര്‍ക്ക് എന്റെയോ ആരുടെയെങ്കിലുമോ പിന്തുണ ആവശ്യമില്ല. താനും ശിവന്‍കുട്ടിയും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സി.പി.ഐ നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇടതുമുന്നണിയുടേതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയതോടെ മുന്നണിയില്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. സി.പി.ഐ നിലപാടുകളെ ഇത്രയുംകാലം പുറംകാല്‍കൊണ്ട് തട്ടിയെറിഞ്ഞ പിണറായി വിജയനെ മാസപ്പടി വിഷയത്തില്‍ മുട്ടുകുത്തിക്കാനുള്ള നിലപാട് സ്വാഗതാര്‍ഹമാണ്. പിണറായിയുടെ മുന്നില്‍ എന്നും മുട്ട് കൂട്ടിയിടിക്കാറുള്ള സി.പി.ഐ ഇത്തവണയെങ്കിലും ധൈര്യത്തോടെ നിലപാടെടുത്തു. അതില്‍ എത്രനാള്‍ ഉറച്ചുനില്ക്കാന് കഴിയുമെന്നു കാത്തിരുന്ന് കാണണം.
മുമ്പ് പലതവണ സി.പി.എമ്മിന് മുന്പില് കീഴടങ്ങിയ ചരിത്രമാണ് സി.പി.ഐക്കുള്ളത്. പാലക്കാട് മദ്യനിര്‍മാണ പ്ലാന്റിന് അനുമതി നൽകിയതിനെതിരെ നിലപാടെടുത്തെങ്കിലും സി.പി.എം തള്ളുകയായിരുന്നു. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ സി.പി.ഐ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി അതുമായി മുന്നോട്ടുപോകുന്നു. പിണറായി സര്‍ക്കാറെന്ന് ഇടത് സര്‍ക്കാറിനെ ബ്രാന്‍ഡ് ചെയ്യുന്നതിനെതിരെ സി.പി.ഐ ശബ്ദമുയര്‍ത്തിയെങ്കിലും സി.പി.എം അതും തട്ടിക്കളഞ്ഞു. തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയും ബാഹ്യ ഇടപെടലും ഉണ്ടായെന്ന സി.പി.ഐ നിലപാടിന് പുല്ലുവിലയാണ് നൽകിയത്.മാസപ്പടി കേസും ആവിയാകുമെന്ന സി.പി.എം സെക്രട്ടറിയുടെ നിലപാടിനോട് സി.പി.ഐ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.