വികസനം മാത്രം പറഞ്ഞിരുന്നാൽ കേരളത്തിൽ വിലപ്പോകില്ല, വോട്ട് കിട്ടില്ലെന്ന് ബി.ജെ.പി കോർ കമ്മിറ്റിയിൽ പ്രതിനിധികൾ
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റിയോഗത്തിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുരളീധരപക്ഷം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും വികസനംമാത്രം പറഞ്ഞിരുന്നാൽ കേരളത്തിൽ വിലപ്പോകില്ലെന്നും വോട്ടുകിട്ടില്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു.
വികസിത കേരളമെന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ ശൈലി പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരാമർശങ്ങൾ. ഇതോടൊപ്പം തൃശൂരിലെ നേതൃയോഗത്തിലേക്ക് വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിക്കാതിരുന്നതിലും വിമർശനമുണ്ടായി. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷന്മാരെ മാത്രം വിളിക്കുന്നതിന്‍റെ മാനദണ്ഡമെന്താണെന്നാണ് ഒരു സംസ്ഥാന ഭാരവാഹി ചോദ്യമുന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷന്മാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്നും വിമർശനമുണ്ടായി. തങ്ങളെ നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ സുരേന്ദ്രനും മുരളീധരനും യോഗത്തിൽ അതൃപ്തി അറിയിച്ചെന്നാണ് വിവരം.
എന്നാൽ, ഇരുവർക്കും മറ്റ് വലിയ ഉത്തരവാദിത്തങ്ങളുള്ളതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും എല്ലാ മീറ്റിങ്ങുകളിലും എല്ലാവരും പങ്കെടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. യോഗത്തിൽ പ്രധാന നേതാക്കളില്ലെന്ന വാർത്ത പുറത്തുപോയത് യോഗത്തിൽ പങ്കെടുത്തവരിൽ നിന്നാണെന്നായിരുന്നു മുരളീധര പക്ഷത്തിന്‍റെ ആരോപണം. എന്നാൽ, യോഗത്തിൽ ക്ഷണിക്കാത്ത കാര്യം പുറത്തുപറഞ്ഞത് ശരിയായില്ലെന്നായിരുന്നു പി.കെ. കൃഷ്ണദാസ് പക്ഷത്തിന്‍റെ നിലപാട്. ഫലത്തിൽ കൃഷ്ണദാസ് പക്ഷം പുതിയ അധ്യക്ഷനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. പുതിയ ഭാരവാഹി പട്ടികയിൽ കൃഷ്ണദാസ് പക്ഷത്തിന് കൂടുതൽ പരിഗണന കിട്ടുമെന്ന അഭ്യൂഹത്തിന് പിന്നാലെയാണിത്.
പല യോഗങ്ങളും ഇപ്പോൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നായിരുന്നു മറ്റൊരു വിമർശനം. പ്രസിഡന്‍റിനെക്കാൾ വലിയ സൂപ്പർ പ്രസിഡന്‍റായി ചിലർ മാറുകയാണ്. കോർപറേറ്റ് രാഷ്ട്രീയം നേട്ടമാകില്ല. യുവമോർച്ച- മഹിളാമോർച്ച ടാലന്റ് ഹണ്ടിനെതിരെയും വിമർശനമുയർന്നു. ഇത്തരം ശൈലി പാർട്ടിയെ കോർപറേറ്റ്വത്കരിക്കും. പാർട്ടിയുടെ സംഘടന സംവിധാനങ്ങൾ അറിയാത്തവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡന്‍റുമാരെ സംസ്ഥാന പ്രസിഡൻറ് പരിഗണിക്കുന്നില്ല. വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല. ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണെന്നും വിമർശനമുണ്ടായി.