വിജ്ഞാപനത്തിനുമുമ്പ് സ്ഥാനാർഥികളെ കളത്തിലിറക്കാൻ ബി.ജെ.പി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിനും യു.ഡി.എഫിനും മുന്നേ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ ബി.ജെ.പി. മുതിർന്ന നേതാക്കളടക്കം മത്സരിക്കുന്ന നാൽപതോളം മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുമ്പ് സ്ഥാനാർഥികളെ കളത്തിലിറക്കുകയാണ് ലക്ഷ്യം. പാർട്ടി നേതൃയോഗം ചേർന്ന് കേരളത്തിന്‍റെ ചുമതലയുള്ള നേതാക്കളെയടക്കം ക്ഷണിതാക്കളാക്കി 20 അംഗ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു.
40 എ ക്ലാസ് മണ്ഡലങ്ങളിലെയടക്കം സ്ഥാനാർഥികളുടെ കാര്യത്തിൽ കമ്മിറ്റി ധാരണയിലെത്തി. നേമം -രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം -വി. മുരളീധരൻ, കാട്ടാക്കട -പി.കെ. കൃഷ്ണദാസ്, കായംകുളം -ശോഭ സുരേന്ദ്രൻ, മഞ്ചേശ്വരം -കെ. സുരേന്ദ്രൻ, കാസർകോട് -സി.കെ. പത്മനാഭൻ, എം.എൽ. അശ്വിനി, തൃശൂർ -എം.ടി. രമേശ്, തിരുവല്ല -അനൂപ് ആന്‍റണി, പാല -ഷോൺ ജോർജ്, പൂഞ്ഞാർ -പി.സി. ജോർജ് തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
പാർട്ടി ജയം ഉറപ്പിക്കുന്ന വട്ടിയൂർക്കാവ്, പാലക്കാട് അടക്കമുള്ള സീറ്റുകളിൽ ഒന്നിലേറെ പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻ പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, മഹിള മോർച്ച അധ്യക്ഷ നവ്യ ഹരിദാസ്, യുവമോർച്ച അധ്യക്ഷൻ മനുപ്രസാദ്, ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി, എൻ.എൻ. രാധാകൃഷ്ണൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാൽ, സി.പി.എമ്മിൽ നിന്നെത്തിയ എസ്. രാജേന്ദ്രൻ തുടങ്ങിയവരും മേഖല പ്രസിഡന്‍റുമാരും 30 ജില്ല പ്രസിഡന്‍റുമാരിൽ മിക്കവരും മത്സര രംഗത്തുണ്ടാകും. രാഷ്ട്രീയത്തിന് പുറത്തുള്ള പൊതുസമ്മതരെയും ജയസാധ്യത മുൻനിർത്തി പാർട്ടി രംഗത്തിറക്കും.
ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലാജെ, സംഘടന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ അടക്കമുള്ളവർ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ 140 നിയോജക മണ്ഡങ്ങൾ സംബന്ധിച്ചും ജില്ല തിരിച്ച് ചർച്ച നടന്നു. മുഴുവൻ ജില്ലകളിലും സഞ്ചരിച്ച് മണ്ഡലം ഭാരവാഹികളുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തി തയാറാക്കിയ റിപ്പോർട്ടും ചർച്ച ചെയ്തു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശിപാർശയോടെ സ്ഥാനാർഥി പട്ടിക ഉടൻ കേന്ദ്ര പാർലമെന്‍ററി ബോർഡിന് കൈമാറും. ഇതിനകം ബി.ഡി.ജെ.എസുമായുള്ള സീറ്റ് വിഭജന ചർച്ചയും പൂർത്തിയാക്കും. ഡൽഹിയിലാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. എൽ.ഡി.എഫിനും യു.ഡി.എഫിനും കേവല ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പിൽ, അപ്രതീക്ഷിത വിജയം നേടി കേരളം ആര് ഭരിക്കണമെന്ന് നിർണയിക്കുന്ന അധികാര ശക്തിയായി ബി.ജെ.പി മാറുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തിയത്.


