ബി.ജെ.പി ചുവടുറപ്പിക്കുന്നത് ക്ഷേത്രങ്ങൾ വഴി; പാർട്ടി അത് കണ്ടില്ലെന്ന് കേന്ദ്ര നേതൃത്വം
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളെയും മതപരിപാടികളെയും ആർ.എസ്.എസും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി.
ഇക്കാര്യം സ്വയം വിമർശനാത്മകമായി ശ്രദ്ധിക്കേണ്ടതാണെന്നും മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുപ്പ് തോൽവി അവലോകനംചെയ്ത് തയാറാക്കിയ റിപ്പോർട്ടിൽ കേരള ഘടകത്തിന് നിർദേശം നൽകി. സംസ്ഥാന നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിരുന്നില്ല.
സി.പി.എമ്മിനെതിരെ സംഘ്പരിവാർ ഉയർത്തിവട്ട മുസ്ലിം പ്രീണന ആക്ഷേപം വലിയതോതിൽ പാർട്ടിക്ക് എതിരായി വന്നെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു. ആലപ്പുഴ, ആറ്റിങ്ങൽ പോലുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ ബെൽറ്റിൽ വൻ ചോർച്ചയുണ്ടായി.
ആ വോട്ടുകൾ ബി.ജെ.പിയിലേക്കാണ് ഒഴുകിയത്. എസ്.എൻ.ഡി.പി നേതൃത്വം ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചതാണ് കാരണം. എസ്.എൻ.ഡി.പിയുടെ സംശയാസ്പദമായ പങ്ക് തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടി ഉചിത നടപടി സ്വീകരിക്കണം. അതേസമയം തന്നെ, മുസ്ലിം പ്രീണനമെന്ന വ്യാജ ആരോപണം തള്ളിക്കളയണം.
മുസ്ലിം ന്യൂനപക്ഷത്തോടുള്ള പാർട്ടി സമീപനം മതേതര ജനാധിപത്യ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന പ്രചാരണവും നടത്തണം.
റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ:
- തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിം ലീഗുമായി ചേർന്ന് എൽ.ഡി.എഫിനെതിരെ ശക്തമായ പ്രചാരണം നടത്തി. ഇവരുടെ തീവ്രവാദ ഗ്രൂപ്പുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഈ ഘടകങ്ങളുമായി ലീഗിന്റെ സഹകരണവും തുറന്നുകാട്ടുകയും നേരിടുകയും വേണം.
- തെരഞ്ഞെടുത്ത ജാതി ഗ്രൂപ്പുകളിലേക്ക് കടന്നുകയറാൻ ആനുകൂല്യങ്ങൾ നൽകുന്ന വിവിധ കേന്ദ്ര പദ്ധതികൾ അവർ ഉപയോഗിക്കുന്നു. അവരുടെ രാഷ്ട്രീയവും പ്രവർത്തനങ്ങളും പ്രതിരോധിക്കാൻ വേണ്ടത്ര ശ്രദ്ധ പാർട്ടി നൽകിയിട്ടില്ല.
- ക്രിസ്ത്യൻ സഭക്കുള്ളിൽ വളർന്നുവരുന്ന മുസ്ലിം വിരുദ്ധ വികാരം മുതലെടുത്തു. സഭാ നേതാക്കളെ വശീകരിക്കാൻ പ്രലോഭനവും ഭീഷണിയും ചേർന്ന നയം ഫലം കണ്ടു.
- വോട്ടെടുപ്പിന് മുമ്പുള്ള ഘട്ടത്തിലും പോളിങ്ങിന് ശേഷവും പാർട്ടി ശേഖരിച്ച വോട്ടുകളുടെ കണക്കുകൾ യഥാർഥ ഫലങ്ങളുമായി വലിയ വ്യത്യാസം കാണിക്കുന്നു. ജനങ്ങളുടെ മനസ്സറിയാൻ പാർട്ടി യൂനിറ്റുകൾക്ക് കഴിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം ദുർബലമായത് തിരുത്തണം.
- കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റങ്ങൾ ആളുകളെ പാർട്ടിയിൽനിന്ന് അകറ്റുന്നു. അത് മുകളിൽനിന്ന് താഴേക്ക് ഉടൻ തിരുത്തണം.