2023 തന്നെ അപ്പാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും മറവിൽ വോട്ട് ചേർക്കാൻ ബി.ജെ.പി നീക്കം തുടങ്ങിയെന്ന് മുൻ ഓഫിസ് സെക്രട്ടറി
text_fieldsതിരൂർ സതീഷ്
തൃശൂർ: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി നേതൃത്വം നേരത്തേതന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനുവേണ്ടി 2023 തുടക്കത്തിൽതന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും പാർട്ടി തൃശൂർ ജില്ല മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും അപ്പാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വിലാസത്തിൽ വോട്ട് ചേർക്കുന്നതിന് 2023ൽതന്നെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വരാഹി എന്ന ഏജൻസിയുടെ പ്രവർത്തനവും തുടങ്ങിയിരുന്നു. ബി.ജെ.പിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള വോട്ടുകൾ തൃശൂരിലേക്കു മാറ്റാനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയുടെ കുടുംബത്തിലെ 11 വോട്ടുകൾ അടക്കം മാറ്റിയതെന്നും തിരൂർ സതീഷ് വ്യക്തമാക്കി.
അവരൊന്നും ഇപ്പോൾ അവിടെ താമസവുമില്ല. കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. മണ്ഡലത്തിനു പുറത്തുള്ള വോട്ടുകൾ ചേർക്കുകയെന്നതിനൊപ്പം മണ്ഡലത്തിലെ വോട്ടുകൾ മറിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകളും നടന്നു.
നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് തൃശൂരിലെ വിഷയങ്ങളിൽ ഇടപെട്ടിരുന്നുവെന്നും മൂന്നര വർഷം ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് പറഞ്ഞു. പ്രീണനവും ഭീഷണിയും എല്ലാം ഉണ്ടായിരുന്നു. 2023 മേയ് മാസം വരെയാണ് താൻ ഓഫിസ് സെക്രട്ടറിയായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഏജൻസിയിലുള്ളവർക്ക് ഹോട്ടലിൽ താമസം വരെ ഒരുക്കിക്കൊടുത്തിരുന്നു.
തൃശൂരിൽ സ്വാഭാവികമായി വിജയിക്കില്ലെന്ന് ഉറപ്പുണ്ടായ സാഹചര്യത്തിലാണ് മറ്റു മാർഗങ്ങൾ നോക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ വ്യാജ വിലാസത്തിലടക്കം വോട്ടുകൾ ചേർത്തിയതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് നേരത്തേതന്നെ ആസൂത്രണം ചെയ്താണ് ഇത് നടപ്പാക്കിയതെന്ന് മുൻ ഓഫിസ് സെക്രട്ടറി വെളിപ്പെടുത്തുന്നത്. വ്യാജ വോട്ടുകൾ ചേർക്കൽ, ചില സമുദായ വോട്ടുകൾ സമാഹരിക്കൽ, സുരേഷ് ഗോപിയുടെ താരപദവി ഉപയോഗപ്പെടുത്തൽ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചെടുത്തതെന്നാണ് ആരോപണം.
കൊടകരയിലേത് രാജ്യദ്രോഹം; മേൽകോടതിയെ സമീപിക്കും -തിരൂർ സതീഷ്
തൃശൂർ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പാർട്ടിയെ സമീപിച്ചിട്ടും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് പുറത്ത് വെളിപ്പെടുത്തൽ നടത്തിയതെന്നും രാജ്യദ്രോഹ നടപടിയിൽ മേൽകോടതിയെ സമീപിക്കുമെന്നും ഇതിനുള്ള അനുമതി ജില്ല മജിസ്ട്രേറ്റ് കോടതിയിൽനിന്നും ലഭിച്ചിട്ടുണ്ടെന്നും കേസിലെ 14ാം സാക്ഷിയും ബി.ജെ.പി മുൻ ഓഫിസ് സെക്രട്ടറിയുമായ തിരൂർ സതീഷ്. കുഴൽപണക്കടത്ത് രാജ്യദ്രോഹക്കുറ്റമാണ്. അതോടൊപ്പം ഈ പണം വ്യക്തിപരമായി ചിലർ ഉപയോഗിക്കുകയും ചെയ്തു.
കുഴൽപണ കേസിൽ ഉൾപ്പെട്ട ജില്ല മുൻ ഭാരവാഹികൾക്കെതിരെ പരാതി നൽകിയെങ്കിലും അവരെ സംസ്ഥാന ഭാരവാഹിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴും അടിയുറച്ച പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.