കിലോമീറ്ററുകൾ താണ്ടണം, കുറഞ്ഞ സമയത്തിൽ കൂടുതൽ ജോലി; അനീഷ് ജോർജ് എസ്.ഐ.ആറിന്റെ ആദ്യ രക്തസാക്ഷി
text_fieldsകണ്ണൂർ: കിലോമീറ്ററുകൾ കുന്നും മലയും താണ്ടണം, പുലർച്ച വരെ ഉറക്കമില്ല, മുഴുവൻ വോട്ടർമാരുടെയും പേരെഴുതി 1200ഓളം എന്യുമറേഷൻ ഫോമുകൾ അവരുടെ വീടുകളിലെത്തിക്കണം. വീഴ്ചയുണ്ടായാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന ഭീഷണിയും. നോട്ടുനിരോധന ദിവസങ്ങളെ ഓർമിക്കുന്ന വിധത്തിൽ കുറഞ്ഞ സമയപരിധിക്കുള്ളിൽ എസ്.ഐ.ആർ ഫോമുകൾ തയാറാക്കാനും വിതരണം ചെയ്യാനുമുള്ള ഓട്ടത്തിലാണ് ബൂത്ത് ലെവൽ ഓഫിസർമാർ.
താങ്ങാനാവാത്ത സമ്മർദത്തിൽ തിരക്കിട്ട തീവ്ര വോട്ടർപട്ടിക പരിഷ്‍കരണത്തിന്റെ രക്തസാക്ഷിയാണ് പയ്യന്നൂർ ഏറ്റുകുടുക്കയിൽ തൂങ്ങിമരിച്ച ബി.എൽ.ഒ അനീഷ് ജോർജ്. രാഷ്ട്രീയപരമായും ഉദ്യോഗസ്ഥ തലത്തിലുമുണ്ടായ ഭീഷണിയും ജോലിസമ്മർദവുമാണ് എല്ലാം അവസാനിപ്പിക്കാൻ കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. നവംബർ 15നകം എന്യുമറേഷൻ ഫോമുകൾ വീടുകളിലെത്തിക്കണമെന്നാണ് ബി.എൽ.ഒമാർക്ക് ലഭിച്ച നിർദേശം.
ഫോം വിതരണം പൂർത്തിയാക്കുന്നതിൽ ഒന്നാമതെത്താൻ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ മത്സരാധിഷ്ഠിത സമ്മർദം ബി.എൽ.ഒ അടക്കം താഴെ തട്ടിൽ പ്രവർത്തിക്കുന്നവരിലേക്ക് നൽകിയിരുന്നു. 15 വർഷമായി കുന്നരു എ.യു.പി സ്കൂളിലെ പ്യൂണാണ് അനീഷ്. എസ്.ഐ.ആർ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തുടക്കം മുതൽ മാനസിക പിരിമുറുക്കമുണ്ടായിരുന്നതായി സഹപ്രവർത്തകരും പറയുന്നു.
നാനൂറോളം വീടുകളിൽ ഫോമുകൾ എത്തിക്കാനുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നുവരെ ഉറങ്ങാതെ ഇത് സംബന്ധിച്ച് ജോലികൾ ചെയ്തിരുന്നു.
തരംതിരിക്കലും വീട് കണ്ടെത്തലും കഠിനം, വേഗം കുറഞ്ഞാൽ വിളി വരും
നവംബർ അഞ്ചു മുതൽ മൂന്ന് ഘട്ടമായാണ് വില്ലേജ് ഓഫിസിൽനിന്ന് ബി.എൽ.ഒമാർക്ക് ഫോമുകൾ നൽകിയത്. ആയിരത്തിലേറെ വോട്ടർമാരുള്ള ബൂത്തുകളിൽ സഹായത്തിനായി ഒരു ഉദ്യോഗസ്ഥനെ കൂടി നിയമിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഫോം വിതരണം പൂർത്തിയാകാനായപ്പോഴാണ് പലയിടത്തും ആളെത്തിയത്. വീടുകളുടെ അടിസ്ഥാനത്തിൽ എന്യുമറേഷൻ ഫോമുകൾ തരംതിരിച്ചുവെക്കൽ കഠിനജോലിയാണ്.
2002ലെ പട്ടികയിൽ ഒരു വീട്ടിൽ തന്നെ ഇരുപതും മുപ്പതും വോട്ടർമാരുണ്ട്. മിക്കവരും പുതിയ വീടുകളിലേക്ക് താമസം മാറി. സ്ഥലപരിചയമില്ലാത്ത ബി.എൽ.ഒമാർക്ക് വീട് കണ്ടെത്തൽ പ്രയാസമാണ്. വീട് അറിയാത്ത മേഖലകളിൽ രാഷ്ട്രീയക്കാരുടെ സഹായം തേടേണ്ടിവരുന്നത് എതിർ പാർട്ടിക്കാരുടെ അപ്രിയം സമ്മാനിക്കും. അനീഷ് ജോർജ് ഒരു പാർട്ടിയുടെ ആളുകൾക്കൊപ്പം വീടുകൾ കയറിയതിൽ മറ്റ് പാർട്ടിക്കാർ പരാതിയുമായി എത്തിയിരുന്നു. 150 മുതൽ 200 വരെ ഫോമുകളാണ് ഒരു ദിവസം വിതരണം ചെയ്യാനാവുക. ഫോമുകൾ വിതരണം ചെയ്യുമ്പോൾ സ്കാൻ ചെയ്ത് ആപ്പിൽ അപ് ലോഡ് ചെയ്യണം. നെറ്റ്‍വർക്ക് സംബന്ധിച്ച് പ്രശ്നങ്ങൾ ബാധിക്കും. വീടുകളിൽ ആളുകളില്ലാത്തതിനാലും ഒരേ വീട്ടിലെ അംഗങ്ങളുടെ ഫോമുകൾ വ്യത്യസ്ത ഘട്ടങ്ങളിൽ ലഭിക്കുന്നതിനാലും വിതരണം ബുദ്ധിമുട്ടിലാണ്.
മൂന്നും നാലും തവണ ഒരു വീട്ടിൽ തന്നെ പോവേണ്ടിവരും. വിതരണത്തിനു ശേഷം ബി.എൽ.ഒ ആപ്പിൽ അപ് ലോഡ് ചെയ്ത വിവരങ്ങൾ മേൽ ഉദ്യോഗസ്ഥർക്ക് ലഭിക്കും. ഫോം വിതരണത്തിന്റെ എണ്ണം കുറയുമ്പോൾ വിളി വരും. ഫോം പൂരിപ്പിക്കുന്നത് സംബന്ധിച്ച് വോട്ടർമാർക്കുള്ള സംശയങ്ങൾക്ക് ഫോണിലും നേരിട്ടും മറുപടി നൽകണം. പുലർച്ചെ മുതൽ പാതിരാത്രി വരെ വോട്ടർമാരുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകണം. രണ്ടാം ഘട്ടത്തിൽ പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കണം.
രണ്ട് പതിറ്റാണ്ടിനു ശേഷം നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിലുണ്ടായേക്കാവുന്ന ആക്ഷേപങ്ങളിൽ ഉത്തരവാദിയാകേണ്ടിവരുമെന്ന ആശങ്കയും ബി.എൽ.ഒമാരെ അലട്ടുന്നുണ്ട്.
‘ആത്മഹത്യയുടെ ഉത്തരവാദിത്തം കമീഷന്’
തിരുവനന്തപുരം: കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ആരോപിച്ചു. ബി.എൽ.ഒമാർ കടുത്ത സമ്മർദത്തിലാണ്. കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണെന്നും ബി.എൽ.ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ..പി. ഗോപകുമാറും അറിയിച്ചു.
അനീഷ് ജോർജ് എസ്.ഐ.ആറിന്‍റെ രക്തസാക്ഷിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് ആരോപിച്ചു. അനാവശ്യ ധൃതിയും അമിത സമ്മർദവും ഭീഷണികളും കാരണം ബി.എൽ.ഒ ജീവനൊടുക്കുന്ന അവസ്ഥയിലേക്ക് തീവ്ര വോട്ടർപട്ടിക പരിഷ്കരണമെത്തിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് കുറ്റപ്പെടുത്തി.


