സൈഫുവിന് രക്തദാനം തന്നെയാണ് ജീവിതം
text_fieldsമങ്കട: 41 വയസ്സിനുള്ളിൽ 41 തവണ രക്തം നൽകി ജീവദാനം വ്രതമാക്കി വേറിട്ട വഴിയിലൂടെയാണ് സൈഫു സിംഫണി എന്ന ഫോട്ടോഗ്രാഫറുടെ സഞ്ചാരം. കേരളത്തില്‍ വ്യാപകമായ രക്തദാന ശൃംഖലയുള്ള കൂട്ടായ്മക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹം സാധാരണ രക്തദാതാക്കളില്നിന്നും വ്യത്യസ്തനാണ്. ഹൃദ്രോഗികള്ക്കാവശ്യമായ വെള്ള രക്താണുക്കളെയാണ് നൽകുന്നത്. ഒരാഴ്ചയോളം രോഗിയുടെ കൂടെതാമസിച്ച് ചെയ്യേണ്ട പ്രക്രിയയാണിതിലുള്ളത്.
സൈഫുല്ല അലനല്ലൂര്‍ എന്ന സൈഫു നേതൃത്വം നല്കുന്ന 'തണലോരം' കൂട്ടായ്മയുടെ ഭാഗമായി കേരളത്തില്‍ ഏതാണ്ടെല്ലാ മെഡിക്കല്‍ കോളജുകളുമായും മറ്റു പ്രാധാന ആശുപത്രികളുമായും തിരുവനന്തപുരം ആര്.സി.സിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 24 മണിക്കൂർ സേവന സന്നദ്ധരായ രക്തദാതാക്കളുടെ കൂട്ടായ്മയുണ്ട്. ഏത് പാതിരാവിലും രക്തം നൽകി നിരവധിപേർക്ക് ആശ്വാസമാകാൻ കൂട്ടായ്മക്ക് സാധിച്ചു. ആദ്യമൊക്കെ വര്‍ഷത്തിലൊരിക്കലാണ് സൈഫു രക്തം നല്‍കിയിരുന്നത്. പിന്നീടത് ആറു മാസത്തിലാക്കി. ഇപ്പോള്‍ മൂന്നു മാസത്തിലാണ്. ജീവകാരുണ്യ പ്രവര്‍ത്തകനും മികച്ച നൃത്തകലാ ഫോട്ടോ ഗ്രാഫറുമായ ഇദ്ദേഹം 'തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയര്‍' സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡൻറാണ്. അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണം നൽകലും ബന്ധുക്കളില്ലാത്തവരെ കുളിപ്പിച്ച് വൃത്തിയാക്കി പുനരധിവസിപ്പിക്കലും മറ്റും സൈഫുവിെൻറ നേതൃത്വത്തില്‍ നടക്കുന്നു. ഫോട്ടോഗ്രഫിയാണ് ഉപജീവനമാർഗം. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നാനൂറോളം കലാരൂപങ്ങള്‍ കാമറയില്‍ പകര്‍ത്തിയ സൈഫു മിക്ക സംസ്ഥാനങ്ങളിലും ദുബൈ, നേപ്പാള്‍ എന്നിവിടങ്ങളിലും ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.