രണ്ടു മണിക്ക് ബോംബ് പൊട്ടും; പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകൾക്ക് ഭീഷണി സന്ദേശം
text_fieldsപാലക്കാട്: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. ഉച്ചക്ക് രണ്ടുമണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു പാലക്കാട് കലക്ടറേറ്റിലേക്ക് ലഭിച്ച ഭീഷണി സന്ദേശം. തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ് പാലക്കാട് കലക്ടർക്ക് സന്ദേശം ലഭിച്ചത്.
എക്സ് പ്ലോസീവ് ഡിവൈസുകൾ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വച്ചിട്ടുണ്ടെന്നും രണ്ട് മണിക്ക് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. മെത്താംഫെറ്റാമൈൻ കേസിൽ ഉൾപ്പെട്ട രണ്ട് പേർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്.തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി മുഴുവൻ ജീവനക്കാരെയും കലക്ടറേറിൽ നിന്ന് പുറത്തിറക്കി പരിശോധന നടത്തി.
കൊല്ലം കലക്ടറേറ്റിലും കോട്ടയം കലക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. രാവിലെയാണ് കൊല്ലം ജില്ലാ കലക്ടർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.കലക്ടറുടെ മെയിൽ ഐ.ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. കഴിഞ്ഞയാഴ്ച പാലക്കാട്, തൃശൂർ ആർ.ഡി ഓഫിസുകൾക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു. പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലായി.ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കലക്ടറേറ്റുകളിൽ സുരക്ഷ ശക്തമാക്കി.