ബ്രൂവറി: വഴങ്ങാതെ സി.പി.എം
text_fieldsതിരുവനന്തപുരം: പ്രകടന പത്രിക ലംഘനമടക്കം നിരത്തി ഘടകകക്ഷികൾ ഉയർത്തിയ കടുത്ത വിയോജിപ്പുകൾ മുഖവിലക്കെടുക്കാതെയാണ് എലപ്പുള്ളിയിലെ വിവാദ ബ്രൂവറിക്കുള്ള അനുമതി മുന്നണിയിൽ സി.പി.എം പാസാക്കിയെടുത്തത്. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ ആർ.ജെ.ഡിയും സി.പി.ഐയും എതിർപ്പുകൾ നിരത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കടുത്ത നിലപാടായിരുന്നു മുഖ്യമന്ത്രി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനെ പിന്തുണച്ചു. എലപ്പുള്ളിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പ്ലാന്റ് മാറ്റിക്കൂടേയെന്ന ബിനോയ് വിശ്വത്തിന്റെ ഒത്തുതീർപ്പ് അഭ്യർഥനയും തള്ളി. ഇതോടെ, ഏകപക്ഷീയമായി അജണ്ട പാസായി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ടി.പി. രാമകൃഷ്ണനാണ് വിഷയമവതരിപ്പിച്ചത്. തുടർന്ന്, ഓരോ കക്ഷിയോടും അഭിപ്രായം പറയാനാവശ്യപ്പെട്ടു. ബ്രൂവറി മേഖലയിലെ കുടിവെള്ളത്തെ ബാധിക്കുമെന്നും എന്തൊക്കെ നേട്ടങ്ങൾ പറഞ്ഞാലും പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതിയെ അംഗീകരിക്കാനാവില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.
മഴവെള്ള സംഭരണി കൊണ്ട് ജലാവശ്യകത പരിഹരിക്കപ്പെടുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളിയായിരുന്നു ബിനോയിയുടെ വാദമുഖങ്ങൾ. പദ്ധതി കൃഷിക്ക് തിരിച്ചടിയാകും. മാത്രമല്ല, മഴവെള്ള സംഭരണി കൊണ്ട് പ്ലാന്റിലേക്കാവശ്യമായ വെള്ളം സംഭരിക്കാനാവില്ല. കുടിവെള്ളം വഴിതിരിച്ച് നൽകേണ്ടിവരും. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് സി.പി.ഐ നിലപാടെന്നും ബിനോയ് അവർത്തിച്ചു.
ഇതിനകം ഉന്നയിച്ച പ്രശ്നങ്ങൾക്കൊപ്പം പ്രകടന പത്രിക ചൂണ്ടിക്കാട്ടിയായിരുന്നു ആർ.ജെ.ഡിയുടെ വിയോജിപ്പ്. ‘മദ്യലഭ്യത കുറക്കും’ എന്നാണ് പ്രകടനപത്രികയിൽ പറഞ്ഞത്. എന്നാൽ, മദ്യ നിർമാണശാല ആരംഭിക്കുന്നതുതന്നെ പ്രകടന പത്രികയിൽ നിന്നുള്ള വ്യതിചലനവും വാഗ്ദാന വിരുദ്ധവുമാണ്. മാത്രമല്ല, ബ്രൂവറിക്കുള്ള ഭൂമി അനുമതി ഭൂപരിഷ്കരണ നിയമത്തിന്റെയും തണ്ണീർത്തട നിയമത്തിന്റെയും ലംഘനമാണെന്നും ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്നുമായിരുന്നു ആർ.ജെ.ഡിയുടെ ആവശ്യം.
മന്ത്രിസഭ ഇതിനകം തീരുമാനിച്ച വിഷയമാണെന്നും മന്ത്രിതലത്തിൽ നടപടി ആരംഭിച്ചെന്നും വിശദീകരിച്ച മുഖ്യമന്ത്രി പെർമിറ്റ് കൊടുത്ത സാഹചര്യത്തിൽ ഇനി പിന്നോട്ട് പോകാനാകില്ലെന്ന് കട്ടായം പറഞ്ഞു. ഇതോടെ, ഭിന്നത രൂക്ഷമായിരിക്കെയാണ് വിഷയത്തിൽ ഏകപക്ഷീയ തീരുമാനമുണ്ടായത്.